
സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ ബോഡി ഷെയിം ചെയ്യും വിധത്തില്‍ കമന്റ് ചെയ്ത സ്ത്രീക്ക് മറുപടി നൽകി ബോളിവുഡ് താരം നീന ഗുപ്ത. “നല്ല ശരീരം ഇല്ലാത്തതിന്റെ അസൂയയാണ് നിങ്ങളെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതെന്നായിരുന്നു” നീന ഗുപ്തയുടെ മറുപടി. അടുത്തിടെ നീന ഗുപ്ത മുട്ട് വരെ നീളമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള ഒരു വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.
വീഡിയോക്ക് താഴെ “നിങ്ങളുടെ കാല്‍ കാണിക്കരുത്. അത് അത്ര ഭംഗിയില്ല. മുത്തശ്ശിമാരും അമ്മമാരും ഇത്തരത്തില്‍ കാലുകള്‍ കാണിക്കുന്നത് നമ്മള്‍ കാണാറില്ല. ഭംഗിയായി വാര്‍ദ്ധക്യത്തിലേക്ക് പോകുന്നത് വളരെ മികച്ച കാര്യമാണ്”എന്നായിരുന്നു ഒരു സ്ത്രീയുടെ കമന്റ്. “വിഷമിക്കേണ്ട. ഇതുപോലെ സംസാരിക്കുന്ന ആളുകള്‍ക്ക് അത്ര നല്ല ശരീരം ഇല്ലാത്തതിന്റെ അസൂയയാണ്. അതിനാല്‍ ഇതെല്ലാം അവഗണിക്കൂ”, എന്നായിരുന്നു നീനയുടെ മാസ് മറുപടി.
നീനയെ അനുകൂലിച്ച് നിരവധിപേരാണ് രംഗത്ത് വരുന്നത്. മറ്റൊരു സ്ത്രീയില്‍ നിന്ന് എന്തൊരു തരംതാണ അഭിപ്രായമാണ് വന്നിരിക്കുന്നത്. ഇത്രയും വലിയ ബോഡി ഷെയിമര്‍ ആയതിന് അഭിനന്ദനങ്ങള്‍”, എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്.
സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതില്‍ എന്നും പ്രശംസ ഏറ്റു വാങ്ങിയിട്ടുള്ള ആളാണ് നീന ഗുപ്ത. നീന ധരിക്കുന്ന വസ്ത്രം മുതല്‍ ജീവിത ശൈലി വരെയുള്ള കാര്യങ്ങള്‍ പല സ്ത്രീകള്‍ക്കും പ്രചോദനമാകുകയും ചെയ്തിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിന് ഉടമയാണ് നടി നീന ഗുപ്ത. സീരീയലുകള്‍, സിനിമകള്‍, ഒടിടി പരമ്പരകള്‍ എന്നിവയില്‍ നിരവധി മികച്ച വേഷങ്ങള്‍ നീന ഗുപ്ത ചെയ്തിട്ടുണ്ട്. ജീവിതത്തോടും ആളുകളോടും കഥാപാത്രങ്ങളോടുമുള്ള തന്റെ സവിശേഷമായ സമീപനത്തിലൂടെ നീന ഗുപ്ത പ്രായത്തിന്റേയും ഫാഷന്‍ മാനദണ്ഡങ്ങളുടെയും പരിധികള്‍ വീണ്ടും വീണ്ടും ബേധിച്ചുകൊണ്ടിരിക്കുകയാണ്. സംവിധായകന്‍ അനുരാഗ് ബാസുവിന്റെ മെട്രോ ഇന്‍ ദിനോ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ആദിത്യ റോയ് കപൂര്‍, സാറാ അലി ഖാന്‍, അനുപം ഖേര്‍ തുടങ്ങിയ വന്‍ താര നിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.