
തനിക്കെതിരെയുള്ള സംവിധായകൻ ഒമർ ലുലുവിന്റെ പരിഹാസങ്ങൾക്ക് മറുപടി നൽകി നടിയും നിർമ്മാതാവുമായ “ഷീലു എബ്രഹാം”. “സിനിമക്കാരിൽ നിന്ന് താൻ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും, അത് താൻ അനുഭവത്തിൽ നിന്ന് പഠിച്ചതാണെന്നും” ഷീലു എബ്രഹാം പറഞ്ഞു. ‘കൂടാതെ തനിക്കതിൽ വിഷമമൊന്നുമില്ലെന്നും ഉണ്ടായിരുന്നെങ്കിൽ അപ്പോൾ തന്നെ പ്രതികരിക്കുമായിരുന്നെന്നും’ ഷീലു എബ്രഹാം കൂട്ടി ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ഒമർ ലുലുവിന്റെ പരിഹാസത്തിൽ വിഷമമൊന്നും തോന്നിയില്ല. കാരണം ഒമർ ലുലുവിൽ നിന്നും, മറ്റു സിനിമക്കാരിൽ നിന്നും ഞാനത്രയെ പ്രതീക്ഷിക്കുന്നുള്ളൂ. അത് ഞാനെന്റെ അനുഭവത്തിൽ നിന്ന് പഠിച്ച പാഠമാണ്. സിനിമയ്ക്ക് വേണ്ടി അദ്ദേഹം ചോദിച്ച എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തിട്ടും പിന്നെയും അത്തരമൊരു പരിഹാസം അദ്ദേഹത്തിൻറെ ഭാഗത്ത് നിന്ന് ആവശ്യമുണ്ടായിരുന്നില്ല. സിനിമാക്കാർ ലാഭം മാത്രം നോക്കി കൂടെ നിൽക്കുന്നവരാണ്. അങ്ങനെയല്ലായിരുന്നുവെങ്കിൽ ഒമർ ലുലുവൊരിക്കലും എന്നെ പരിഹസിക്കുമായിരുന്നില്ല. ഷീലു എബ്രഹാം പറഞ്ഞു.
“ഒരു സിനിമ ഹിറ്റായാൽ അതിന്റെ ക്രെഡിറ്റെടുക്കാൻ സിനിമയിലെ ഓരോ വിഭാഗക്കാരുമുണ്ടാകും. എന്നാൽ സിനിമ പൊട്ടിയാൽ അത് മുഴുവനും പ്രൊഡ്യൂസറുടെ തലയിലാണ്. സിനിമാക്കാരെ സംബന്ധിച്ച് അവർ പെട്ടന്ന് മറക്കുകയും മാറുകയും ചെയ്യുന്ന ആളുകളാണ്. സിനിമ പൂർത്തിയാകുന്നതുവരെ അവർ മരിച്ച് നമ്മുടെ കൂടെ നിൽക്കും, ചിത്രം വിജയിച്ചാൽ കൂടെ നിൽക്കും, അടുത്ത പടമെടുക്കാൻ. അല്ലെങ്കിൽ അവർ നമ്മളെ മറക്കും”. ഷീലു എബ്രഹാം കൂട്ടി ചേർത്തു.
മലയാള സിനിമയിലെ ഒരു അഭിനേത്രിയും, നിർമ്മാതാവുമാണ് ഷീലു എബ്രഹാം. വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെയാണ് ഷീലു ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. രവീന്ദ്ര നീ എവിടെയാ( 2025 ) ആടുപുലിയാട്ടം (2016) പുതിയ നിയമം (2016) കനൽ (2015) ഷീ ടാക്സി (2015) മംഗ്ലീഷ് (2014) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.