“അതിജീവിതയെ അമ്മയിലെ ആരും പിന്തുണച്ചില്ല, ഡബ്ല്യുസിസി പോലും കൂടെയില്ല”; അഭിഭാഷക ടി.ബി. മിനി

','

' ); } ?>

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതയായ നടിക്കൊപ്പം താരസംഘടനയായ അമ്മയിലെ ആരും ഉണ്ടായിരുന്നില്ലെന്ന് വിമർശിച്ച് നടിയുടെ അഭിഭാഷകയായ ടി.ബി. മിനി. അമ്മയിലെ സ്ത്രീകള്‍ പോലും നടിയെ പിന്തുണച്ചില്ലെന്നും, ഒരു ഭാരവാഹി പോലും നടിക്കുവേണ്ടി കോടതിയില്‍ മൊഴിനല്‍കാനെത്തിയില്ലെന്നും അഭിഭാഷക വ്യക്തമാക്കി. അമ്മയുടെ തിരഞ്ഞെടുപ്പിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അഭിഭാഷകയായ ടി.ബി. മിനി..

“ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വന്ന സമയത്ത് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ നടപ്പാക്കണമെന്ന് പറഞ്ഞ് ആരും രംഗത്തുവരാത്തത് കൊണ്ട് വ്യക്തിപരമായി ഞാന്‍ കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ട്. ആ കേസിന്റെ വലിയ ഇംപാക്ടാണ് സര്‍ക്കാര്‍ കോണ്‍ക്ലേവ് പ്രഖ്യാപിച്ചത്. ഒരു കുട്ടി അഞ്ച് വര്‍ഷം പൂര്‍ണമായി ട്രോമയിലേക്ക് പോയി, അതിജീവിച്ച് തിരിച്ചുവന്നതാണ്. അതിനൊരു പിന്തുണ കൊടുക്കാന്‍ ഈ തിരഞ്ഞെടുക്കപ്പെട്ട വനിതകള്‍ക്ക് കഴിയുമോ എന്നാണ് നമ്മള്‍ നോക്കേണ്ടത്. അവര്‍ അത്തരത്തിലൊരു നിലപാടെടുത്ത് മുന്നോട്ട് വരണം. AMMA-യില്‍ നിന്ന് കലഹിച്ച് പോയവരാണ് ഡബ്ല്യുസിസി ഉണ്ടാക്കിയത്. അവര്‍ പോലും യഥാര്‍ഥത്തില്‍ ആ പെണ്‍കുട്ടിക്ക് എന്താണ് ആവശ്യം എന്ന് അന്വേഷിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.” ടി.ബി. മിനി പറഞ്ഞു

‘ഹേമാ കമ്മിറ്റി ഉണ്ടായതും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) ഉണ്ടായതും നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടര്‍ച്ചയായാണ്. ആ പെണ്‍കുട്ടി ഇന്നും നീതിക്കുവേണ്ടി അതിശക്തമായി ഒറ്റയ്ക്ക് പോരാടുകയാണ്. വാക്കുകള്‍ കൊണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞപ്പോഴും AMMA-യിലെ ഭാരവാഹികളായ ഒരാള്‍ പോലും കോടതിയില്‍ വന്ന് ആ പെണ്‍കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കിയില്ല. AMMA-യിലുള്ള സ്ത്രീകള്‍ പോലും ആ പെണ്‍കുട്ടിയെ പിന്തുണച്ചില്ല’. ടി.ബി. മിനി കൂട്ടിച്ചേർത്തു.

അതെ സമയം നടിയെ ആക്രമിച്ച കേസിൽ സത്യം ഉടൻ പുറത്ത് വരണമെന്നും,അതിജീവിതയും അമ്മയിലേക്ക് തിരിച്ചു വരണമെന്നും വ്യക്തമാക്കി നടിയും അമ്മയുടെ പ്രസിഡന്റുമായ ശ്വേത മേനോൻ രംഗത്തു വന്നിരുന്നു. അമ്മയുടെ തിരഞ്ഞെടുപ്പിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു താരം.