ദൃശ്യം 2 ചൈനീസ് അവകാശ വഞ്ചനാ കേസ്: നിർമാതാവ് കുമാർ മംഗത് പതക്കിന് മുൻകൂർ ജാമ്യം

','

' ); } ?>

അജയ് ദേവ്ഗൺ അഭിനയിച്ച ദൃശ്യം 2 എന്ന ചിത്രത്തിന്റെ ചൈനീസ് വിതരണാവകാശവുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ നിർമാതാവ് കുമാർ മംഗത് പതക്കിന് ഡൽഹി പട്യാല ഹൗസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 75 ലക്ഷം രൂപ വ്യക്തിപരമായി പതക് സ്വീകരിച്ചിട്ടില്ലെന്നും, അദ്ദേഹത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്യൽ അനിവാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു.

അഡീഷണൽ സെഷൻസ് ജഡ്ജി സൗരഭ് പ്രതാപ് സിംഗ് ലാലർ ഉത്തരവിട്ടതനുസരിച്ച്, അറസ്റ്റ് ചെയ്താൽ, 1 ലക്ഷം രൂപയുടെ ബോണ്ടും സമാനമായ തുകയിലുള്ള ആൾജാമ്യവും നൽകി പതകിനെ വിട്ടയക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർക്കും നിർദേശം നൽകി. അന്വേഷണത്തിൽ സഹകരിക്കണമെന്നും കോടതി പതകിനോട് നിർദ്ദേശിച്ചു.

വ്യവസായി രജീന്ദർ കുമാർ ഗോയൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നിർമ്മാതാവിനെതിരെയുള്ള കേസ്. ചിത്രത്തിന്റെ വിതരണാവകാശത്തിനായി 4.3 കോടി രൂപ കൈപ്പറ്റി വഞ്ചിച്ചതായാണ് ആരോപണം. പതകിന്റെ പനോരമ സ്റ്റുഡിയോയുടെ അംഗീകൃത പ്രതിനിധിയായി ഭാരത് സേവക് എന്ന ഇടനിലക്കാരൻ വ്യാജ രേഖകളും തെറ്റായ വിവരങ്ങളും ഉപയോഗിച്ച് കരാർ നേടിയെടുത്തുവെന്നായിരുന്നു പരാതിയിലെ ആരോപണം.

സേവകിന്റെ കമ്പനിയിൽ നിന്ന് 75 ലക്ഷം രൂപ പനോരമ സ്റ്റുഡിയോസ് അക്കൗണ്ടിലേക്ക് മാറ്റിയതായും ഗോയൽ ആരോപിച്ചിരുന്നു. എന്നാൽ, 75 ലക്ഷം രൂപ വ്യക്തിപരമായി സ്വീകരിച്ചിട്ടില്ലെന്നും, മറ്റൊരു സിനിമാ ഇടപാടിന്റെ ഭാഗമായാണ് പണം കമ്പനിയുടെ അക്കൗണ്ടിലേക്ക് എത്തിയതെന്നുമാണ് പതകിന്റെ വാദം.