
ബയോപിക് സിനിമയാവുമെങ്കിൽ മോഹൻലാലിനെ നായകനാക്കരുതെന്ന് അപേക്ഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളി താരം സഞ്ജു സാംസൺ.
താൻ വലിയൊരു മോഹൻലാൽ ഫാനാണെന്നും, എന്നാൽ അദ്ദേഹത്തിന്റെ ബോളിങ് കണ്ടതുകൊണ്ട് അദ്ദേഹത്തെ തന്റെ ബയോപിക്കിൽ നായകനാക്കരുതെന്നുമായിരുന്നു സഞ്ജുവിന്റെ രസകരമായ നിബന്ധന. മുന്‍ ഇന്ത്യന്‍ താരം ആര് അശ്വിന് നല്കിയ അഭിമുഖത്തിലാണ് തന്റെ ബയോപ്പിക് സാധ്യതകളെക്കുറിച്ച് സഞ്ജു സംസാരിച്ചത്.
”ഒരു ചെറിയ അപേക്ഷയുണ്ട്. ഞാന്‍ വലിയൊരു മോഹന്‍ലാല്‍ ഫാനാണ്. പക്ഷെ അവരുടെ ബോളിങ് കണ്ടതു കൊണ്ട് പറയുകയാണ്, എന്റെ ബയോപിക്കിൽ അവര്‍ വേണ്ട. പക്ഷെ എന്നെ അവതരിപ്പിക്കാന്‍ ഇപ്പോഴുള്ള താരങ്ങളുടെ മുഖമൊന്നും മനസിലേക്ക് വരുന്നില്ല. അതുകൊണ്ട് പുതുമുഖങ്ങള്‍ ആരെങ്കിലും ചെയ്യട്ടെ. സംഗീതം സുഷിന് ശ്യാം ചെയ്യണം. അദ്ദേഹം സൂപ്പറായി ചെയ്യും. ആവശത്തിലൊക്കെ സൂപ്പറായിട്ടാണ് ചെയ്തിട്ടുള്ളത്”. സഞ്ജു പറഞ്ഞു
ഒരു സൂപ്പര്‍ ഹിറ്റ് സ്പോര്‍ട്സ് ഡ്രാമയ്ക്കുള്ളതെല്ലാമുള്ള ജീവിതമാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളി താരം സഞ്ജു സാംസണിന്റേത്. ചെറിയ പ്രായത്തില്‍ തന്നെ ഇന്ത്യന്‍ ടീമിലെത്താന്‍ സാധിച്ചുവെങ്കിലും തുടര്‍ന്നിങ്ങോട്ടുള്ള സഞ്ജുവിന്റെ യാത്ര കയറ്റിറക്കങ്ങളൂടേതാണ്. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെ ഫൈനല്‍ വരെ എത്തിച്ച നായകനായിരിക്കുമ്പോഴും ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ പലപ്പോഴും സഞ്ജുവിന് സാധിക്കാതെ പോയിട്ടുണ്ട്. ഇപ്പോള്‍ ട്വിന്റി-20 യില്‍ ഇന്ത്യയുടെ അറ്റാക്കിങ് ഓപ്പണര്‍ വേഷത്തില്‍ നിറഞ്ഞാടുകയാണ് സഞ്ജു.