മലയാള സിനിമയുടെ ‘ഹിറ്റ്‌മേക്കർ’ – സംവിധായകൻ സിദ്ദിഖിന് ഓർമപ്പൂക്കൾ

','

' ); } ?>

2023 ഓഗസ്റ്റ് 8-ന്, മലയാള സിനിമാരംഗത്ത് വലിയൊരു ശൂന്യത സൃഷ്ടിച്ചുകൊണ്ട്, ‘ഹിറ്റ്‌മേക്കർ’ എന്ന വിശേഷണം സ്വന്തമാക്കിയ സംവിധായകൻ സിദ്ദിഖ് ഇസ്‌മയീൽ നമ്മെ വിട്ടുപോയി. ഇന്ന്, അദ്ദേഹത്തിന്റെ രണ്ടാമത്തെ ചരമവാർഷിക ദിനത്തിൽ, മലയാളി പ്രേക്ഷകർ ഓർമപ്പൂക്കൾ നൽകി ആദരിക്കുമ്പോഴും അദ്ദേഹം ബാക്കി വെച്ച ശൂന്യതയിന്നും അതുപോലെ ഉണ്ട്. മലയാളത്തിന്റെ ഹിറ്റ് മേക്കർ സംവിധായകൻ സിദ്ദിഖിന് ഓർമപ്പൂക്കൾ കൊണ്ട് പ്രണാമം.

1960 ഓഗസ്റ്റ് ഒന്നിന് എറണാകുളം ജില്ലയിലെ കലൂരിൽ ഇസ്മയിൽ ഹാജിയുടെയും സൈനബയുടെയും മകനായി സിദ്ധിക്ക് ജനിച്ചു. കലൂർ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, കളമശേരി സെന്റ് പോൾസ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും, തുടർന്ന് മഹാരാജാസ് കോളേജിൽ നിന്ന് ബിരുദവും നേടി. പഠനകാലത്തുതന്നെ കലാരംഗത്തോടുള്ള അടുപ്പം പ്രകടമായിരുന്ന അദ്ദേഹം, തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചൊരു വഴിത്തിരിവ് നേടിയത് മിമിക്രിയിലൂടെയാണ്. കൊച്ചിൻ കലാഭവനിൽ ചേർന്ന് മിമിക്രി കലാകാരനായി സജീവമായ സിദ്ധിക്ക്, ഹാസ്യവും നിരീക്ഷണശേഷിയും ചേർത്ത പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായി. ഇതേ കാലഘട്ടത്തിലാണ് പ്രശസ്ത സംവിധായകൻ ഫാസിലുമായുള്ള പരിചയം. കലാഭവനിലെ മിമിക്രി ഷോകളിൽ അദ്ദേഹത്തെ കണ്ട ഫാസിൽ, സിനിമാരംഗത്തേക്ക് സിദ്ദിഖിന്റെ കൈ പിടിക്കുകയായിരുന്നു.

1986-ൽ, പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിന് തിരക്കഥ എഴുതി കൊണ്ട് സിദ്ധിക്ക് മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന്, ഫാസിലിന്റെ കീഴിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. 1988-ൽ പുറത്തിറങ്ങിയ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ അദ്ദേഹത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ജീവിതത്തിലെ പ്രധാന അനുഭവങ്ങളിൽ ഒന്നായിരുന്നു. ഈ കാലഘട്ടത്തിലാണ് നടൻ ലാലുമായുള്ള അടുപ്പം തുടങ്ങിയത്. രണ്ടുപേരും ചേർന്ന് സിദ്ദിഖ്-ലാൽ കൂട്ടുകെട്ടായി മാറി, മലയാള സിനിമയ്ക്ക് ഹിറ്റുകളുടെ പുതിയ കാലഘട്ടം സമ്മാനിച്ചു.

1989-ൽ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിലൂടെ സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് മലയാള സിനിമയിൽ തുടക്കം കുറിച്ചു. വ്യത്യസ്തമായ ഹാസ്യശൈലി, സാമൂഹിക സാഹചര്യങ്ങളിലെ സൂക്ഷ്മ നിരീക്ഷണം, കഥാപാത്രങ്ങളുടെ ജീവന്തമായ അവതരണം എന്നിവ അവരെ സിനിമയുടെ അമരക്കാരാക്കി. തുടർന്ന്, ഇൻ ഹരിഹർ നഗർ (1990), ഗോഡ്ഫാദർ (1991), വിയറ്റ്നാം കോളനി (1991), കാബൂളിവാല (1993) തുടങ്ങിയ ചിത്രങ്ങൾ മലയാള സിനിമാ പ്രേക്ഷകരെ ചിരിയിലും ചിന്തയിലും ഒരുപോലെ മുഴുകിച്ചു. ഗോഡ്ഫാദർ മലയാളത്തിലെ ഏറ്റവും ദീർഘകാലം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ ഒന്നായി മാറി. ഇന്നും ഈ സിനിമകളിലെ സംഭാഷണങ്ങൾ പ്രേക്ഷകർ ആവർത്തിക്കുന്നു എന്നത്, സിദ്ധിക്ക്-ലാൽ കൂട്ടുകെട്ടിന്റെ ജനപ്രീതിയെ വ്യക്തമാക്കുന്നു.

1994-ലെ കാബൂളിവാലയ്ക്ക് ശേഷം സിദ്ധിക്ക്-ലാൽ കൂട്ടുകെട്ട് വേർപിരിഞ്ഞു. ലാൽ അഭിനയരംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, സിദ്ദിഖ് സംവിധാനം രംഗത്ത് ഒറ്റയ്ക്കു മുന്നേറി. 1996-ൽ പുറത്തിറങ്ങിയ ഹിറ്റ്ലർ വമ്പിച്ച വിജയമായിരുന്നു. അഞ്ച് സഹോദരിമാരുടെ ഏക സഹോദരനായി മമ്മൂട്ടി അവതരിപ്പിച്ച മാധവൻകുട്ടി, മലയാള സിനിമയിലെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നായി. തുടർന്ന്, ഫ്രണ്ട്സ് (1999), ക്രോണിക് ബാച്ച്ലർ (2003), ബോഡിഗാർഡ് (2010), ഭാസ്കർ ദി റാസ്കൽ (2015), ഫുക്രി (2017) തുടങ്ങി നിരവധി ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.

2010-ൽ പുറത്തിറങ്ങിയ ബോഡിഗാർഡ് സിദ്ധിക്കിന്റെ കരിയറിലെ ഒരു വലിയ വഴിത്തിരിവായി. ദിലീപ്, നയൻ‌താര എന്നിവർ അഭിനയിച്ച ചിത്രം മലയാളത്തിൽ സൂപ്പർഹിറ്റായതിനൊപ്പം, ഹിന്ദിയിൽ (Bodyguard – സൽമാൻ ഖാൻ, കരീന കപൂർ)യും തമിഴിൽ (Kaavalan – വിജയ്, അസിന്)യും റീമേക്കായി, മൂന്ന് ഭാഷകളിലും വമ്പൻ വിജയം നേടി. ഇത് സിദ്ധിക്കിനെ ദേശീയ തലത്തിൽ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ കഥപറച്ചിലിന്റെ സർവജനീനതയെ, ഭാഷാ അതിരുകൾ കടന്നുപോയ ഈ വിജയങ്ങൾ തെളിയിച്ചു.

സിദ്ധിക്ക് സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഭൂരിഭാഗത്തിലും അദ്ദേഹം തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരുന്നത്. കഥാപറച്ചിലിന്റെ ലാളിത്യവും, ഹാസ്യത്തിന്റെ സ്വാഭാവികതയും, കുടുംബബന്ധങ്ങളുടെ വികാരാധിഷ്ഠിതമായ അവതരണവും അദ്ദേഹത്തിന്റെ എഴുത്തിന്റെ മുഖമുദ്രയായിരുന്നു. 1986-ലെ പപ്പൻ പ്രിയപ്പെട്ട പപ്പൻ മുതൽ 2020-ലെ ബിഗ് ബ്രദർ വരെ, അദ്ദേഹം എഴുതി ഒരുക്കിയ കഥകൾ മലയാള സിനിമയിലെ ജനപ്രീതി നേടിയവയുടെ പട്ടികയിൽ സ്ഥിരം ഇടം പിടിച്ചു.

റാംജിറാവു സ്പീക്കിംഗ് (1989), ഇൻ ഹരിഹർ നഗർ (1990), ഗോഡ്ഫാദർ (1991), വിയറ്റ്നാം കോളനി (1991), കാബൂളിവാല (1993),
ഹിറ്റ്ലർ (1996), ഫ്രണ്ട്സ് (1999), ക്രോണിക് ബാച്ച്ലർ (2003), ബോഡിഗാർഡ് (2010), ഭാസ്കർ ദി റാസ്കൽ (2015), ഫുക്രി (2017),
ബിഗ് ബ്രദർ (2020), എന്നിവ അദ്ദേഹത്തിന്റെ സംവിധാനത്തിലൊരുങ്ങിയ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ്.

സിദ്ധിക്കിന്റെ സിനിമകൾ പ്രധാനമായും കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടവയായിരുന്നു. ഹാസ്യം, സൗഹൃദം, കുടുംബബന്ധങ്ങൾ, സാമൂഹിക സന്ദേശം – ഈ നാലിന്റെ ഒരു സന്തുലിത കൂട്ട് അദ്ദേഹത്തിന്റെ സിനിമകളിൽ കണ്ടുവരും. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങൾ, ‘ഹിറ്റ്ലറി’ലെ മാധവൻകുട്ടി, ‘വിയറ്റ്നാം കോളനി’യിലെ കൃഷ്ണമൂർത്തി, ‘ഗോഡ്ഫാദറിലെ” അഞ്ഞൂറാൻ അപ്പൻ, ‘ഫ്രണ്ട്സ്’ലെ അർജുൻ – എല്ലാം മലയാളികളുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്നു.

2020-ൽ പുറത്തിറങ്ങിയ ബിഗ് ബ്രദർ അദ്ദേഹത്തിന്റെ അവസാന സംവിധാനം ചെയ്ത സിനിമയായി. 2023-ൽ കരൾരോഗത്തിന് ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന്, ഓഗസ്റ്റ് 8-ന് രാത്രി 9 മണിക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആ പ്രതിഭ അന്തരിച്ചു. അടുത്ത ദിവസം വൈകിട്ട് ആറുമണിയോടെ എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ സിദ്ദിക്കിനെ ഖബറടക്കി. മലയാള സിനിമക്ക് ഒരു സമ്പൂർണ്ണ വിനോദസംവിധായകനെ നഷ്ടപ്പെട്ടു.

ഇന്ന്, സിദ്ധിക്ക് വിടപറഞ്ഞിട്ട് രണ്ട് വർഷം. അദ്ദേഹത്തിന്റെ ചിത്രങ്ങൾ വീണ്ടും വീണ്ടും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. സിനിമയെ പ്രേക്ഷകരുടെ ഭാഷയിൽ സംസാരിപ്പിക്കാൻ അറിഞ്ഞിരുന്ന സംവിധായകൻ എന്ന നിലയിൽ, സിദ്ധിക്ക് മലയാള സിനിമയിലെ അനശ്വരസാന്നിധ്യമായി തുടരും. ഓർമകളിൽ പ്രണാമം