
നിരന്തരമായ ട്രോളുകളും നെഗറ്റീവ് പിആറും മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നുവെന്ന് തുറന്നു പറഞ്ഞ് നടി രശ്മിക മന്ദാന. താൻ നേരിട്ട സൈബർ അറ്റാക്കുകൾ വ്യക്തിജീവിതത്തെ ബാധിക്കാതെ കൊണ്ടുപോകാൻ ബുദ്ധിമുട്ടായിരുന്നുവെന്നും, പുതിയ വിമർശനങ്ങളാൽ വീണ്ടും മുറിവേൽക്കുന്നത് ഒരു വെല്ലുവിളിയായി നിലനിൽക്കുന്നവെന്നും രശ്‌മിക കൂട്ടിച്ചേർത്തു. സ്‌നാപ്പ് വിത്ത് സ്റ്റാർസുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
“ഞാൻ ഒരുപാട് നെഗറ്റീവ് പിആറും ട്രോളുകളും നേരിട്ടിട്ടുണ്ട്. നിങ്ങൾക്ക് ദയ കാണിക്കാൻ കഴിയുന്നില്ലെങ്കിൽ, മിണ്ടാതിരിക്കുക. ആളുകളെ ശ്വാസം വിടാൻ അനുവദിക്കൂ. എന്തിനാണ് നിങ്ങൾ ആളുകളെ ശ്വാസം മുട്ടിക്കുന്നത്? വളരാൻ വേണ്ടി എന്തിനാണ് നിങ്ങൾ ആളുകളെ കഴുത്തുഞെരിക്കുന്നത്? വേണ്ട, നമുക്കെല്ലാവർക്കും വളരാം. ലോകം വളരെ വലുതാണ്, നമുക്കെല്ലാവർക്കും ഇവിടെ സ്ഥാനമുണ്ട്, രശ്‌മിക പറഞ്ഞു.
“ഞാൻ വളരെ ഇമോഷണലായിട്ടുള്ള വ്യക്തിയാണെന്ന് എനിക്കറിയാം. പക്ഷെ പലപ്പോഴും എനിക്കത് തുറന്ന് പ്രകടിപ്പിക്കാന്‍ കഴിയാറില്ല. കാരണം ആളുകളെ സംബന്ധിച്ച് നമ്മുടെ ഇമോഷൻ എന്ന് പറയുന്നത് അഭിനയവും ബലഹീനതയുടെ ലക്ഷണവുമാണ്. നമ്മളത് ക്യാമറയുള്ളത് കൊണ്ട് ചെയ്യുന്നതാണെന്നാണ്. നമ്മളെത്രത്തോളം റിയൽ ആയിരിക്കാൻ ശ്രമിക്കുന്നുവോ അത്രത്തോളം അത് തെറ്റിദ്ധരിക്കപ്പെടും. ഓൺലൈൻ നെഗറ്റിവിറ്റിയിൽ നിന്ന് കരകയറുമ്പോൾ തന്നെ പുതിയ വിമർശനങ്ങളാൽ വീണ്ടും മുറിവേൽക്കുന്നത് ഒരു വെല്ലുവിളിയായി നിലനിൽക്കുന്നുണ്ട്. ഞാനതിൽ കുടുങ്ങിപ്പോയതായി എനിക്ക് പലപ്പോഴും തോന്നാറുണ്ട് ; രശ്‌മിക കൂട്ടിച്ചേർത്തു
‘താമ’ എന്ന ഹിന്ദി ചിത്രവും ‘ദി ഗേൾഫ്രണ്ട്’ എന്ന തെലുങ്ക് ചിത്രവുമാണ് രശ്മികയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. ലക്ഷ്മൺ ഉത്തേക്കറിൻ്റെ ചരിത്ര സിനിമയായ ‘ഛാവ’യിൽ വിക്കി കൗശലിനൊപ്പം മഹാറാണി യേശുബായിയെയും, എ.ആർ. മുരുഗദോസിൻ്റെ ആക്ഷൻ ചിത്രമായ ‘സിക്കന്ദറി’ൽ സൽമാൻ ഖാനോടൊപ്പം സൈശ്രീ രാജ്‌കോട്ടിനെയും അവർ അവതരിപ്പിച്ചിരുന്നു. ശേഖർ കമ്മൂലയുടെ ദ്വിഭാഷാ ചിത്രമായ ‘കുബേര’യിൽ ധനുഷിനും നാഗാർജുനയ്ക്കും ഒപ്പം സമീറ എന്ന കഥാപാത്രവും രശ്മികളുടേതായി ഈ വർഷം പുറത്തുവന്നു.