
നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ “വട്ടി പലിശക്കാരുടെ ഏജന്റ് ആയി പ്രവർത്തിക്കുന്നു” എന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെക്കാനുണ്ടായ കാരണം തുറന്നു പറഞ്ഞ് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. “അസോസിയേഷൻ ട്രഷറർ എന്ന സ്ഥാനം സ്വന്തം ആവശ്യത്തിനായി ലിസ്റ്റിൻ ദുരുപയോഗം ചെയ്തുവെന്ന് സാന്ദ്ര തോമസ് പറഞ്ഞു. കൂടാതെ ലിസ്റ്റിനുമായി വ്യക്തിപരമായി തനിക്ക് പ്രശ്നമൊന്നുമില്ലെന്നും എന്നാൽ ലിസ്റ്റിന്റെ ചില നയങ്ങളോട് തനിക്കെതിർപ്പുണ്ടെന്നും സാന്ദ്ര വ്യക്തമാക്കി. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര.
ലിസ്റ്റിനെതിരെ ഞാനൊരു പോസ്റ്റ് ഇട്ടു. “വട്ടി പലിശക്കാരുടെ ഏജന്റ് ആയി പ്രവർത്തിക്കുന്നു” വെന്ന്, കാരണം, അസോസിയേഷൻ ട്രഷറർ എന്ന സ്ഥാനം സ്വന്തം ആവശ്യത്തിനായി ലിസ്റ്റിൻ ദുരുപയോഗം ചെയ്തു. അതായത്, ഇവിടെയുള്ള പല നിർമ്മാതാക്കളുടെ കയ്യിൽ നിന്നും അവർ സ്വയം ചെയ്‍ത സിനിമകൾ എടുക്കാമെന്ന് പറഞ്ഞ് പെട്ടന്നൊരു ദിവസം ഒരു സാറ്റലൈറ്റ് ചാനൽ വരുന്നു. എല്ലാം പറഞ്ഞുറപ്പിച്ചിട്ട് എഗ്രിമെന്റ് സൈൻ ചെയ്യുന്ന ദിവസം ഫണ്ട് ഇല്ലാത്തത് കൊണ്ട് സിനിമ എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞ് പിന്മാറുന്നു. എന്ത് കൊണ്ട് ആ അവസാന നിമിഷം അവരുടെ കയ്യിൽ ഫണ്ട് ഇല്ലാണ്ടായി?. സാന്ദ്ര പറഞ്ഞു
ഞാൻ കാരണം അന്വേഷിച്ച് ചെന്നപ്പോൾ അതിനു പിന്നിൽ ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു. അതായത് അദ്ദേഹം ചെയ്ത സിനിമകളും, ഓടാതെ ഇരുന്ന ചിത്രങ്ങളും, പണം കൊടുത്ത് വാങ്ങിയ ചിത്രങ്ങളും അദ്ദേഹം വിറ്റു. അപ്പോൾ ഇന്റിവിജ്വൽ ആയി സിനിമ കൊടുക്കാൻ നിന്ന ആളുകളൊക്കെ എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയി.അസോസിയേഷന്റെ അധികാര സ്‌ഥാനത്ത് നിന്ന് മറ്റു നിർമ്മാതാക്കളെ കൊന്നു കൊലവിളിക്കുകയാണ് ലിസ്റ്റിൻ ചെയ്തത്. അസോസിയേഷന്റെ ട്രഷറർ എന്ന സ്ഥാനം ഉപയോഗിച്ച് കൊണ്ടാണ് ലിസ്റ്റിൻ അത് ചെയ്തത്. മറ്റു നിർമാതാക്കളിൽ നിന്ന് തുച്ഛമായ വിലയ്ക്ക് സിനിമകൾ വാങ്ങി അതിന്റെ നാലിരട്ടി പണം വാങ്ങി ആ സിനിമകൾ ആ സാറ്റലൈറ്റ് ചാനലിന് ലിസ്റ്റിൻ വിറ്റു. ലിസ്റ്റിനുമായി എനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല. മറ്റാരെക്കാളും ലിസ്റ്റിനെ സപ്പോർട്ട് ചെയ്യുന്ന വ്യക്തിയാണ് ഞാൻ. പക്ഷെ ഇന്ന് മലയാളം ഇൻഡസ്ട്രി വെട്ടിപ്പിടിക്കാൻ ലിസ്റ്റിൻ കാണിക്കുന്ന പല കാര്യങ്ങളും ശരിയായ രീതിയിൽ ഉള്ളതല്ല. അതൊക്കെ കണ്ടുപിടിക്കാനുള്ള ഉത്തരവാദിത്വം പോലീസിനും മീഡിയയ്ക്കും ഉള്ളതാണ്. ലിസ്റ്റിന്റെ കയ്യിലുള്ള പണത്തിന്റെ സോഴ്സ് ഇഡിയും മറ്റു ഗവണ്മെന്റ് സംവിധാനങ്ങളും കണ്ടുപിടിക്കട്ടെ. ഞാൻ അതിലേക്ക് ഇടപെടുന്നില്ല. സാന്ദ്ര കൂട്ടിച്ചേർത്തു.