അഗരം ഫൗണ്ടേഷന്റെ 15-ാമത് വാർഷികം, 51 ഡോക്ടർസ്; വികാരഭരിതനായി സൂര്യ

','

' ); } ?>

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി നടൻ സൂര്യയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അഗരം ഫൗണ്ടേഷന്റെ 15-ാമത് വാർഷികാഘോഷം നടന്നു. ചടങ്ങിൽ അഗരം ഫൗണ്ടേഷനിലൂടെ ഡോക്ടർ ബിരുദം നേടിയ 51 പേരെ ആദരിക്കുകയും ചെയ്തു. ചടങ്ങിൽ വികാരഭരിതനായി സംസാരിക്കുന്ന സൂര്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ചെന്നൈയിൽ വച്ച് നടന്ന വാർഷികാഘോഷ ചടങ്ങിൽ കമൽഹാസൻ, സംവിധായകൻ വെട്രിമാരൻ, നിർമാതാവ് കലൈപുലി എസ്. താണു, എന്നിവരും പങ്കെടുത്തു.

“2006 സെപ്റ്റംബർ 25 ൽ എന്റെ 35ാം വയസ്സിലാണ് അഗരത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. സ്ഥാപിത സമയത്ത് വെറും 160 സീറ്റുകളിൽ തുടങ്ങിയ സ്ഥാപനത്തിൽ ഇന്ന് 6000 കുട്ടികളുണ്ട്. ഇന്ന് അതിനെ മുന്നോട്ടുകൊണ്ടുപോകുന്നത് അഗരത്തിൽ പഠനം പൂർത്തിയാക്കിയ കുട്ടികളാണ്. ഇത് പോലെ ഒരു ചെയിൻ സൃഷ്ടിക്കണം എന്നത് എന്റെ സ്വപ്നമായിരുന്നു. ഇപ്പോൾ അതു സാക്ഷാത്കരിക്കുന്നതിൽ സന്തോഷമുണ്ട്. അഗരം ഫൗണ്ടേഷൻ വഴി പഠനം പൂർത്തിയാക്കിയ 51 വിദ്യാർഥികൾ ഇന്ന് ഡോക്ടർമാരായി സേവനം അനുഷ്ഠിക്കുന്നു. ഇവരൊക്കെ തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ നിന്ന് വന്നവരാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും കുടുംബത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസം നേടുന്നവരുമാണ്”. സൂര്യ പറഞ്ഞു.

സൂര്യയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ പ്രൊജക്ടുകളിൽ ജോലി ചെയ്യുന്നവരിൽ പലരും ഐടി മേഖലയിൽ നിന്നുള്ളവരും സ്കൂൾ/കോളേജ് അധ്യാപകരുമാണ്. ശനി, ഞായർ ദിവസങ്ങളിൽ സേവനം നൽകുന്ന ഇവർ ശമ്പളമില്ലാതെ വോളന്റിയർ സേവനം ചെയ്യുന്നവരാണ്.വിദൂര ഗ്രാമങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി സാമ്പത്തിക സഹായവും മാർഗനിർദേശവും നൽകുന്ന വിദൈ (Vidhai) എന്ന പ്രോഗ്രാം ഉൾപ്പെടെ mentoring, പഠന സഹായം, താമസ സൗകര്യം, ഭക്ഷണം, സ്കൂൾ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ പ്രവർത്തനങ്ങൾ അഗരം മുന്നോട്ടു കൊണ്ടുപോകുന്നു.