“കുറച്ചുപേരുടെ കോക്കസിനകത്താണ് മലയാള സിനിമ മുഴുവൻ ഇരിക്കുന്നത്”; പത്രിക തള്ളിയതിനെതിരെ പ്രതിഷേധിച്ച് സാന്ദ്ര തോമസ്

','

' ); } ?>

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമർപ്പിച്ച നാമനിർദേശ പത്രിക തള്ളിയതിനെതിരെ ശക്തമായി പ്രതിഷേധിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ അംഗങ്ങളായ സിയാദ് കോക്കറിനെയും, സുരേഷ് കുമാറിനെയും ഗുണ്ടകളെന്നാണ് സാന്ദ്ര പരാമർശിച്ചത്. അസോസിയേഷനിലെ ആസ്‌ഥാന ഗുണ്ടകളായ സിയാദ് കോക്കറിൻ്റെയും സുരേഷ് കുമാറിൻ്റെയും ഗുണ്ടായിസമാണ് എല്ലാവരും കണ്ടതെന്നും, ണ്ടു ബാനറിൽ സിനിമകൾ ചെയ്തു എന്ന പേരിലാണ് തന്റെ്റെ പത്രിക തള്ളിയതെന്നും രണ്ടു ബാനറിൽ സിനിമകൾ സെൻസർ ചെയ്ത‌ വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ പത്രിക ജോയിന്റ് സെക്രട്ടറി സ്‌ഥാനത്തേക്ക് സ്വീകരിച്ചിട്ടുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു. കൂടാതെ താൻ നേരിട്ടത് അനീതിയാണെന്നും, ഇതിനെ നിയമപരമായി നേരിടുമെന്നും സാന്ദ്ര തോമസ് പറഞ്ഞു. പത്രിക തള്ളിയതിനെതിരെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്.

‘പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ആസ്ഥാന ഗുണ്ടകളായ സുരേഷ് കുമാറിന്റെയും സിയാദ് കോക്കറിന്റെയും ഗുണ്ടായിസം നിങ്ങൾ കണ്ടതാണ്. രണ്ടു സ്ത്രീകൾ അവരുടെ പ്രധാനപ്പെട്ട സ്ഥാനത്തേക്ക് ഒരു നോമിനേഷൻ കൊടുത്തതിനാണ് ഈ ബഹളം ഉണ്ടാക്കിയത്. ഒൻപത് സിനിമകൾ എന്റെ സ്വന്തം പേരിൽ സെൻസർ ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. അസോസിയേഷന്റെ രജിസ്റ്ററിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്റെ സിനിമകൾ. എന്നിട്ടുപോലും അതൊന്നും നോക്കാൻ തയ്യാറാകാതെ എന്റെ നോമിനേഷൻ തിരസ്കരിക്കുകയായിരുന്നു. ഇത് തീർത്തും വേദനാജനകമാണ്. എന്നോട് അനീതി ആണ് കാണിക്കുന്നത്. മറ്റാരും പറയുന്നതിന് മുൻപ് തന്നെ അദ്ദേഹം പറഞ്ഞു എനിക്ക് മത്സരിക്കാൻ അർഹത ഇല്ല എന്ന്. ഇത്രയും നോമിനേഷൻ നോക്കിയിട്ടു എന്റെ പേപ്പറുകൾ മാത്രമാണ് മുഴുവൻ എടുപ്പിച്ചത്. സാന്ദ്ര തോമസ് പറഞ്ഞു.

എന്റെ സ്ഥാനാർത്തിത്വത്തിൽ മാത്രമാണ് അദ്ദേഹത്തിന് സംശയം ഉള്ളത്. അതിന്റെ അർഥം തന്നെ ഇതെല്ലാം മുൻകൂട്ടി തീരുമാനിച്ചതാണ് എന്നാണ്. ഞാനിതിനെ നിയമപരമായി തന്നെ നേരിടും. ഇവിടെ കോടതിയും നിയമവുമൊക്കെ ഉണ്ടല്ലോ. ഇവിടെ ചോദ്യം ചെയ്യാൻ ഒരാൾ വന്നത് ഇതാദ്യമായിട്ടാണ്. എക്സിക്യൂട്ടീവിലേക്കും ഞാൻ നോമിനേഷൻ കൊടുത്തിട്ടുണ്ട് പക്ഷേ പ്രസിഡന്റായിട്ട് മത്സരിക്കാൻ തന്നെയാണ് എന്റെ തീരുമാനം. അവർ എന്നെ മാന്യമായിട്ട് മത്സരിച്ച് തോൽപ്പിച്ച് കാണിക്കട്ടെ, അല്ലാതെ ഇങ്ങനെയല്ലല്ലോ ചെയ്യേണ്ടത്. രാഗേഷിന് ധൈര്യമുണ്ടെങ്കിൽ എന്നെ മത്സരിച്ചു തോൽപ്പിച്ച് കാണിക്കണം. എന്തായാലും ഈ അസോസിയേഷനിൽ ഞാൻ കയറും. അത് മത്സരിച്ച് തന്നെ കയറും. ഈ അസോസിയേഷനിൽ ഒരു ഭരണവിരുദ്ധ വികാരം ഉണ്ട്. കുറച്ചുപേരുടെ കോക്കസിനകത്താണ് മലയാള സിനിമ മുഴുവൻ ഇരിക്കുന്നത്. ആ കോക്കസ് ഇവിടെ വളരെ സജീവമായിട്ട് വർക്ക് ചെയ്യുന്നുണ്ട് അതാണ് നിങ്ങൾ എല്ലാവരും ഇപ്പോൾ ഇവിടെ കണ്ടത്. സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.