
സൗത്ത് ഇന്ത്യയിലെ വലിയൊരു സംവിധായകനില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി ഇന്ദിര കൃഷ്ണന്. സിനിമകളിൽ കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ടെന്നും, താനത് ഒന്നിലധികം തവണ അനുഭവിച്ചിട്ടുണ്ടെന്നുമാണ് ഇന്ദിര പറയുന്നത്. ബോളിവുഡ് ബബ്ബിളിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
”തീര്‍ച്ചയായും കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ട്. ഞാനത് പലവട്ടം അനുഭവിച്ചിട്ടുള്ളതാണ്. ഇത് ഹിന്ദിയിലും മുംബൈയിലും മാത്രമാണുള്ളതെന്നു പറയില്ല. സൗത്തിലും ഉണ്ട്. സൗത്തിലെ വലിയൊരു സംവിധായകന്റെ വലിയൊരു പ്രൊജക്ടില്‍ എന്നെ ഫൈനലൈസ് ചെയ്തിരുന്നു. പക്ഷെ അവസാന നിമിഷം, ചെറിയൊരു വിഷയത്തില്‍ ആ ബന്ധം തന്നെ തകര്‍ന്നുപോയി. ഞാന്‍ ഓര്‍ക്കുന്നുണ്ട്. കണ്ണ് തുറിപ്പിച്ച് ഞാന്‍ ‘നോ യാര്’ എന്ന് പറഞ്ഞത്. ഷൂട്ട് തുടങ്ങിയ ശേഷം ആ ബന്ധം വഷളായാലോ എന്ന് ഞാന്‍ ചിന്തിച്ചു. അതിനാല്‍ ഞാന്‍ അദ്ദേഹത്തോട് വളരെ മാന്യമായി, സാര്‍ ഞാന്‍ എന്റെ കഴിവ് വില്‍ക്കാനാണ് വന്നത്, അല്ലാതെ എന്നെയല്ല എന്നു പറഞ്ഞു. എന്റെ വാക്കുകള്‍ കുറച്ച് പരുക്കന്‍ ആയിരുന്നിരിക്കണം. പക്ഷെ എത്ര വ്യക്തമാണോ അത്രയും നല്ലതാകുമെന്ന് തോന്നി” ഇന്ദിര പറഞ്ഞു.
”ഇത് ആദ്യത്തെ സംഭവമല്ല. ഈ സൗഹചര്യം ഞാന്‍ പലവട്ടം നേരിട്ടിട്ടുണ്ട്. വളരെ നല്ല പ്രൊജക്ടുകളും ഇത് കാരണം നഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനെയാണ് ഞാന്‍ ടെലിവിഷനിലേക്ക് തിരിയുന്നത്. അതൊരു പിന്മാറ്റം ആയിരുന്നില്ല. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സ്വയം എക്സ്പ്ലോര്‍ ചെയ്യുകയാണെന്നാണ് തോന്നിയത്. എന്റെ കഴിവ് പ്രകടിപ്പിക്കുകയായിരുന്നു. മറ്റൊന്ന് എനിക്ക് അവിടെ അര്‍ഹമായ ആദരവ് കിട്ടുന്നുണ്ടെന്നതായിരുന്നു. ടെലിവിഷനിലും പലതും നടക്കുന്നതായി കേട്ടിട്ടുണ്ട്.” ഇന്ദിര കൂട്ടിച്ചേർത്തു
രണ്‍ബീര്‍ കപൂര്‍-രശ്മിക മന്ദാന ചിത്രം ആനിമലില്‍ രശ്മികയുടെ അമ്മ വേഷത്തിലെത്തിയത് ഇന്ദിരയാണ്. രണ്‍ബീര്‍ കപൂര്‍-സായ് പല്ലവി ചിത്രം രാമായണയാണ് അണിയറയിലുള്ള സിനിമ. ചിത്രത്തില്‍ രാമന്റെ അമ്മ കൗസല്യയുടെ വേഷാണ് ഇന്ദിര അവതരിപ്പിക്കുന്നത്.