അമ്മയുടെ തിരഞ്ഞെടുപ്പ് സമൂഹം ചർച്ച ചെയ്യേണ്ട വിഷയമല്ല, താരങ്ങൾ പരസ്പരം ചെളി വാരിയെറിയുന്നു; ഷീലു എബ്രഹാം

','

' ); } ?>

താരസംഘടനയായ അമ്മയുടെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താരങ്ങൾ തമ്മിലുള്ള വാദ പ്രതിവാദങ്ങളെ രൂക്ഷമായി വിമർശിച്ച് നടിയും നിർമാതാവുമായ ഷീലു എബ്രഹാം. തിരഞ്ഞെടുക്കുന്ന പ്രക്രിയ പൊതുസമൂഹത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്നും, തമ്മിൽ തമ്മിൽ ചെളിവാരി എറിയുന്ന പ്രവണത നല്ലതല്ലെന്നും ഷീലു എബ്രഹാം പറഞ്ഞു. മനോരമ ഓൺലൈനിന്‌ നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു താരം.

അമ്മ സമൂഹത്തിനായുള്ള സംഘടന അല്ല, അവിടെയുള്ള അംഗങ്ങളുടെ ക്ഷേമത്തിനായാള്ളതാണ്. അവർ തമ്മിലുള്ള പ്രശ്നങ്ങൾ അതിന്റെ ആഭ്യന്തരമായി തന്നെ പരിഹരിക്കേണ്ടതാണ്. പൊതുസമൂഹത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ വ്യക്തിതാല്പര്യം ഒഴിവാക്കി സംഘടനയുടെ ക്ഷേമം മുന്‍നിര്‍ത്തി മത്സരിക്കണം. സംഘടനയുടെ തലപ്പത്ത് വരുമ്പോൾ ചിലർ പെട്ടെന്ന് സ്വഭാവം മാറ്റുന്നു. ഗ്രൂപ്പിസം കാണിക്കുന്നു. ഡബിൾ സ്റ്റാൻഡേര്‍ഡാണ് പലരും സ്വീകരിക്കുന്നത്. സംഘടനയുടെ നേതൃത്വത്തിലേക്ക് വരുന്നവർ എല്ലാ അംഗങ്ങളെയും തുല്യമായി കാണണം. മുഖം നോക്കാതെ സഹായിക്കുന്നവരാണ് നേതാക്കളാകേണ്ടത്. നിർമാതാക്കളുടെ സംഘടനയിലുള്ള ആളല്ല ഞാൻ. അതുകൊണ്ട് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഞാൻ പ്രതികരിക്കുന്നത് ശരിയാണോ എന്നറിയില്ല. പക്ഷേ സാന്ദ്ര മത്സരിക്കുന്നത് നല്ല കാര്യമാണ്. വിജയിച്ചാലും പരാജയപ്പെട്ടാലും ഏറ്റെടുക്കാനുള്ള ധൈര്യമുള്ളവരാണ് മത്സരിക്കേണ്ടത്. സ്ത്രീകൾ നേതൃനിരയിലേക്കെത്തുന്നത് നല്ല കാര്യമാണ്. പക്ഷേ നേതാവ് പുരുഷനോ സ്ത്രീയോ ആണെന്നല്ല, കഴിവുള്ളവൻ ആണോ എന്നതാണ് പ്രധാനമാക്കേണ്ടത്. ജെൻഡർ നോക്കേണ്ട. സംഘടനയെ നയിക്കാൻ പ്രാപ്തിയുള്ളവരാണ് വരേണ്ടത്. ഷീലു എബ്രഹാം പറഞ്ഞു

സിനിമാരംഗത്ത് ഒരു വ്യക്തിയെയും തിരിച്ചറിയാതെ മുന്നോട്ട് പോകാനാകില്ല. ഇവിടെ ഹയർആർക്കി വ്യക്തമാണ്. ഒന്നാംനിര, രണ്ടാംനിര, മൂന്നാംനിര താരങ്ങൾ എന്നിങ്ങനെ വേർതിരിവുണ്ട്. എല്ലാവരെയും ഒരുപോലെ പരിഗണിക്കണം. പലരും പരിഗണിക്കപ്പെടാത്തതിനാലാണ് തലപ്പത്തേക്ക് വരാൻ താത്പര്യമില്ലാതെ പോകുന്നത്. അമ്മ’യിലെ തെരഞ്ഞെടുപ്പ് പൊതുജന തലത്തിൽ വലിയ കാര്യമായി പോയിക്കൊണ്ടിരിക്കുന്നു. മുമ്പത്തെ പോലെ അല്ല ഇപ്പോഴത്തെ മീഡിയ. വാക്കുകൾ വളച്ചാണ് ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയയിലെ വശങ്ങളും അതിന് പുറമേ വരുന്നു. അവസാനം ഇതെല്ലാം സമൂഹത്തിൽ അശ്രദ്ധയും വിവാദങ്ങളും സൃഷ്ടിക്കുന്നു. സംഘടനകൾ തങ്ങൾക്കുള്ളിലായി പ്രശ്നങ്ങൾ തീർക്കണം. അത് സമൂഹം മുഴുവൻ ചർച്ച ചെയ്യുന്ന വിഷയമാക്കരുത്. നേതാക്കൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കണം. അംഗങ്ങളെ കേൾക്കാൻ സമയവും ക്ഷമയും ഉള്ളവരാകണം. ഒരു സംഘടനയുടെ തലപ്പത്ത് വരാൻ പോകുന്നവർക്ക് ധൈര്യവും ഉത്തരവാദിത്തബോധവും ആവശ്യമാണ്. സ്വന്തം കാര്യങ്ങൾ മാത്രമല്ല, സംഘടനയെ മുന്നോട്ട് നയിക്കാൻ ആഗ്രഹമുള്ളവരാണ് വിജയിക്കേണ്ടത്. ‘അമ്മ’യിലെ അംഗങ്ങൾ അങ്ങനെയുള്ളവരെയാണ് തിരഞ്ഞെടുക്കുക എന്ന് വിശ്വസിക്കുന്നു.
ഷീലു എബ്രഹാം കൂട്ടിച്ചേർത്തു.