
തന്റെ നാമനിർദേശ പത്രിക തള്ളിയേക്കും എന്ന റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. നിർമാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നാണ് സാന്ദ്ര തോമസിന്റെ ആരോപണം. സംഘടനയുടെ നിയമാവലി പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള യോഗ്യത തനിക്കുണ്ടെന്നും, തന്നെയെന്തിനാണിങ്ങനെ പേടിക്കുന്നതെന്നും സാന്ദ്ര ചോദിച്ചു. മനോരമ ഓൺലൈനോട് പ്രതികരിക്കുകയായിരുന്നു സാന്ദ്ര തോമസ്.
‘‘2011 മുതൽ 2017 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ നിർമാതാക്കളുടെ സംഘടനയിൽ ഞാൻ അംഗമായിരുന്നു. ആ സമയത്ത് ഏഴു സിനിമകൾ എന്റെ പേരിലാണ് സെൻസർ ചെയ്തിട്ടുള്ളത്. പിന്നീട് ഫ്രൈഡേ ഫിലിം ഹൗസിന്റെ പാർട്ണർഷിപ്പ് പിരിഞ്ഞപ്പോൾ എനിക്ക് സംഘടനയിലെ അംഗത്വം നഷ്ടമായി. പക്ഷേ ഞാൻ വീണ്ടും സിനിമകൾ നിർമ്മിച്ചപ്പോൾ വീണ്ടും അംഗത്വം ലഭിച്ചു. ഒരു സിനിമയെങ്കിലും നിർമിച്ചാൽ അംഗത്വം ലഭിക്കുമെന്നിരിക്കെ എനിക്ക് അംഗത്വം ലഭിക്കാൻ രണ്ടു സിനിമകൾ ആകുന്നതു വരെ കാത്തിരിക്കേണ്ടി വന്നു. ഇപ്പോൾ ഞാൻ സംഘടനയിലെ ഒരു സാധാരണ അംഗമാണ്.
സംഘടനയുടെ നിയമാവലി പ്രകാരം മൂന്നോ അതിലധികമോ സിനിമകൾ സ്വന്തം പേരിൽ സെൻസർ ചെയ്തു കഴിഞ്ഞാൽ സംഘടനയുടെ ഭാരവാഹിയാകുന്നതിലേക്ക് മത്സരിക്കാം. എന്റെ പേരിൽ മൂന്നിൽ കൂടുതൽ സെൻസർ സർട്ടിഫിക്കറ്റ് ഉണ്ട്. അതിനാൽ, നിയമപരമായി എന്റെ പത്രിക തള്ളാൻ കഴിയില്ല. അതിൽ തീരുമാനം എടുക്കേണ്ടത് വരണാധികാരി ആണ്. അത് അട്ടിമറിക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. ഇത്തരം നടപടികളിലൂടെ പ്രതിഫലിക്കുന്നത് എന്റെ എതിർ സ്ഥാനാർഥിയുടെ ഭീരുത്വമാണ്. ഇപ്പോൾ സംഘടനയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് വിവരവും വിദ്യാഭ്യാസവും ഇല്ലാത്തതുകൊണ്ടാണോ ഇങ്ങനെ അബദ്ധങ്ങൾ പറ്റുന്നത്? ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് എന്നെപ്പോലെ ഉള്ളവർ മത്സരരംഗത്തേക്ക് വരുന്നത്. നിർമാതാക്കളുടെ സംഘടനയെ പ്രതിനിധീകരിക്കേണ്ടത് വിവരമില്ലാത്ത ആളുകളല്ല. എതിർ സ്ഥാനാർഥിക്ക് എന്നെ ഭയമാണെങ്കിൽ മത്സരിച്ച് ജയിച്ചു വേണം കാണിക്കാൻ! അല്ലാതെ ഇത്തരത്തിലുള്ള തരംതാണ കളി കളിക്കരുത്. സാന്ദ്ര പറഞ്ഞു.
അസോസിയേഷനിലെ അംഗങ്ങളെ അടക്കി ഭരിച്ച്, അവർക്കെതിരെ വരുന്നവരെയെല്ലാം കാരണം കാണിക്കൽ നോട്ടിസ് കാണിച്ച് ഭയപ്പെടുത്തിയാണ് കുറച്ചു കാലങ്ങളായി ഭരണം നടക്കുന്നത്. അഭിപ്രായം പറയുന്നതിന് അവിടെ സ്വാതന്ത്ര്യം ഇല്ല. 2016ൽ 610 പേരുണ്ടായിരുന്ന സംഘടനയിൽ ഇപ്പോൾ 310 പേരേ ഉള്ളൂ. നേതൃനിരയിൽ ഉള്ളവരുടെ അഴിമതിയെ ചോദ്യം ചെയ്തവരെ പുറത്താക്കിയതുകൊണ്ടാണ് സംഘടനയുടെ അംഗബലം ഇത്രയും കുറഞ്ഞത്. എന്റെ അനുഭവങ്ങളാണ് എന്നെ ഇങ്ങനെ ആക്കിയെടുത്തത്. എനിക്ക് ആരോടും ഒരു പ്രശ്നമില്ല. എന്നെ സംഘം ചേർന്ന് ആക്രമിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് പ്രതിരോധിക്കണ്ടേ? പ്രതിരോധിച്ച് പ്രതിരോധിച്ച് ഞാൻ ശക്തയായി മാറി. അനുഭവങ്ങൾ ആണ് ഓരോരുത്തരെയും ശക്തരാക്കുന്നത്. സത്യം പറഞ്ഞാൽ എനിക്ക് അവരോടൊക്കെ നന്ദിയേ ഉള്ളൂ. എനിക്കിപ്പോൾ എല്ലാത്തിനെയും ചിരിച്ച് നേരിടാൻ കഴിയുന്നുണ്ട്. ഞാൻ നിന്നാൽ ജയിക്കും എന്ന് അവർക്ക് അറിയാവുന്നതുകൊണ്ടാണ് കേസ്, പത്രിക തള്ളല്‍ എന്നിങ്ങനെ ഓരോ പരിപാടിയുമായി വരുന്നത്.’ സാന്ദ്ര കൂട്ടിച്ചേർത്തു.