
അസമീസ് സിനിമാതാരമായ നന്ദിനി കശ്യപ്പിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പോലീസ്. 21-കാരനായ യുവാവ് വാഹനാപകടത്തിൽ മരണപെട്ടതിനെ തുടർന്നാണ് കേസ്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നടി ഓടിച്ചുകൊണ്ടിരുന്ന സ്കോർപിയോ കാർ, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സമീയുള് ഹഖെന്ന യുവാവിന്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. പക്ഷെ നടി വാഹനം നിർത്താതെ രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ വാഹനം പിന്തുടർന്നു ചെന്ന യുവാവിന്റെ സഹപ്രവർത്തകർ രു അപാർട്ട്മെന്റിന് സമീപം വെച്ച് നടിയെ പിടികൂടുകയും, നടിയുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു.
സംഭവം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. വാഹനം ഒളിപ്പിക്കാൻ ശ്രമിച്ചതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിൽസയ്ക്ക് വഴങ്ങാതെ അടുത്ത ദിവസം രാത്രിയിൽ മരണം സംഭവിക്കുകയായിരുന്നു.
നടിയെ ചോദ്യംചെയ്ത പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. തുടക്കത്തിൽ ആരോപണം നിഷേധിച്ച നടിയെ പിന്നീട് അറസ്റ്റുചെയ്തതായി ഗുവാഹട്ടി പോലീസ് സ്ഥിരീകരിച്ചു. ഇടിച്ചുവീഴ്ത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ സ്ഥലം വിട്ടതും, വാഹനം ഒളിപ്പിക്കാൻ ശ്രമിച്ചതുമാണ് കേസ് ഗുരുതരമാകാൻ ഇടയായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
നൽബാരി പോളിടെക്നിക് വിദ്യാർത്ഥിയും ഗുവാഹാട്ടി മുനിസിപ്പൽ കോർപ്പറേഷനിൽ പാർട്ട് ടൈം ജോലി ചെയ്തുകൊണ്ടിരുന്ന ആളാണ് സമീയുള് ഹഖ്.