
അമ്മയുടെ തലപ്പത്തേക്ക് വരാൻ ശ്വേത മേനോന് യോഗ്യതയില്ലെന്നും, ശ്വേത നുണകൾ പറഞ്ഞ് വിവാദങ്ങൾ സൃഷ്ടിക്കുന്ന വ്യക്തിയാണെന്നും പരാമർശിച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ്. കൂടാതെ അമ്മയുടെ അടുത്ത പ്രെസിഡന്റാകാൻ ഏറ്റവും യോഗ്യതയുള്ള വ്യക്തി ജഗദീഷാണെന്നും അഷ്‌റഫ് വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്‌റഫ് അഭിപ്രായം പ്രകടിപ്പിച്ചത്.
“ഒരു സംഘടനയെ നയിക്കേണ്ടയാൾ ധാർമികതയോടെയും സത്യസന്ധതയോടെയും പെരുമാറേണ്ടവനാണ്. ജീവിതത്തിൽ നേരിട്ട ദുഃഖാനുഭവങ്ങൾ ജഗദീഷിനെ കൂടുതൽ മനുഷ്യത്വമുള്ളവനാക്കി മാറ്റിയിട്ടുണ്ട് . അദ്ദേഹത്തിന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും ആത്മാർത്ഥതയുണ്ട്. ഇത്തരം വ്യക്തിത്വമാണ് ‘അമ്മ’യുടെ തലപ്പത്ത് എത്തേണ്ടത്. പൊതുസമ്മതനാണെങ്കിലും ‘അമ്മ’ അംഗങ്ങൾക്ക് ജഗദീഷ് പഥ്യമല്ല” എന്ന മാലാ പാർവതിയുടെ അവകാശവാദം വസ്തുതയല്ല. പൊതുസമ്മതനായ വ്യക്തിയല്ലേ സംഘടനയുടെ തലപ്പത്ത് വരേണ്ടത്?”
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ശ്വേത മേനോൻ ആവർത്തിച്ച് നുണപറഞ്ഞതിന്റെ പേരിലാണ് മോഹൻലാൽ അവരെ പുറത്താക്കിയത്. “താൻ എവിടെ പോയാലും വിവാദങ്ങൾ കൂടപ്പിറപ്പാണ്” എന്ന് ശ്വേത തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇതുവരെ വിവാദങ്ങളാൽ വലഞ്ഞ ‘അമ്മ’യ്ക്ക് മറ്റൊരു വിവാദ നായികയുടെ നേതൃത്വമില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെ?. മാലാ പാർവതി പറഞ്ഞ “ഇടവേള ബാബുവിന്റെ കാലഘട്ടത്തിൽ അച്ചടക്കം നിലനിന്നിരുന്നു” എന്ന പാറമർശം പരിഹാസയോഗ്യമാണ്.“ദിലീപ്, വിജയ് ബാബു, സിദ്ദിഖ്, മണിയൻപിള്ള രാജു, ബാബുരാജ് തുടങ്ങിയവരുടെ പേരിൽ വിവാദങ്ങൾ നിലനിന്നിരുന്ന കാലം അതേ കാലഘട്ടമായിരുന്നുവല്ലോ?. ഇനി അൻസിബ ഹസന്റെ പ്രസ്താവന നോക്കാം “പീഡനക്കേസിൽ പെട്ട രാഷ്ട്രീയക്കാർ മത്സരിക്കുന്നത് സംബന്ധിച്ച് ആരും ചോദിക്കാത്തപ്പോൾ, ‘അമ്മ’യിലേക്ക് മത്സരിച്ചാൽ എന്താണ് കുഴപ്പം?” നേതൃത്വം വഹിക്കുന്നവരുടെ വാക്കുകൾക്കും നിലപാടുകൾക്കും ധാർമികബോധമുണ്ടാകണം. അതില്ലെങ്കിൽ കുഴപ്പമാണ്. ആലപ്പി അഷ്‌റഫ് പറഞ്ഞു.
അമ്മ ഏറ്റവും വലിയ സാംസ്കാരിക സംഘടനയാണെന്ന് അനൂപ് പറയുന്നു. അതേ സമയം, അദ്ദേഹത്തിന് തന്നെ വിശദീകരിക്കാനുണ്ട്, ഈ സംഘടനയിൽ ബലാൽസംഗം കേസുകളിൽ പ്രതികളുണ്ടെന്നും, സാമ്പത്തിക തട്ടിപ്പുണ്ടെന്നും. അനൂപ് ബിഗ് ബോസിൽ ശ്വേത മേനോനെതിരെ നടത്തിയ ലൈംഗികമായ അധിക്ഷേപങ്ങൾ ശ്വേത മറന്നിട്ടുണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. മല്ലിക സുകുമാരൻ വ്യക്തമാക്കിയതുപോലെ, ആരോപണ വിധേയരും ക്രിമിനൽ മനസ്സുള്ളവരും മത്സരിക്കുന്ന സ്ഥിതി ‘അമ്മ’ നിലനില്പിന്റെ തന്നെ ഭാവിയെ ബാധിക്കില്ലേ?. ഗണേഷ് കുമാർ നേരത്തെ പറഞ്ഞതുപോലെ, അമ്മ എന്ന സംഘടനക്ക് വ്യക്തികളുടെ സ്വകാര്യ സ്വത്ത് പോലുള്ള സമീപനമല്ല വേണ്ടത്.‘അമ്മ’യുടെ ജിഎസ്ടി കുടിശിക 9 കോടി രൂപയാണ്. ഇത് അടയ്ക്കാഞ്ഞാൽ ഓഫീസ് പോലും ജപ്തിയാകും. ഇതിനെതിരെ നിലകൊള്ളാൻ വ്യക്തമായ നേതൃത്വം ആവശ്യമാണ്. അതിന് ഏറ്റവും മികച്ച സ്ഥാനാർത്ഥി ജഗദീഷ് തന്നെ. അദ്ദേഹത്തിൽ നിന്നും കുതന്ത്രങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ട. ആലപ്പി അഷ്‌റഫ് കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ മത്സര ചിത്രം നാളെ അറിയാം. നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം നാളെ വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേത മേനോനാണ് മുന്‍തൂക്കം. ദേവന്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് മത്സരിക്കുന്ന മറ്റ് രണ്ട് പേര്‍. പത്രിക നല്‍കിയെങ്കിലും ജഗദീഷും, ജയന്‍ ചേര്‍ത്തലയും, രവീന്ദ്രനും പിന്‍മാറിയതായാണ് വിവരം.