
‘കെജിഎഫ്’, ‘സലാർ’ എന്നീ ചിത്രങ്ങളിലൂടെ ദേശീയ ശ്രദ്ധ നേടിയ പ്രശാന്ത് നീലിന്റെ ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ച് പുതിയ വിവരങ്ങൾ പുറത്ത് വിട്ട് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ചിത്രത്തിൻറെ ടൈറ്റിലിനെക്കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമാണ് പൃഥ്വിരാജ് വിവരങ്ങൾ പുറത്തു വിട്ടത്. മലയാളത്തിൽ നിന്നും രണ്ട നടൻമാർ ചിത്രത്തിലുണ്ടാകുമെന്ന് പൃഥ്വിരാജ് പറഞ്ഞു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
‘ഡ്രാഗണിന്റെ കാര്യം പറയുകയാണെങ്കിൽ ടൊവിനോ അതിൽ ഒരു പ്രധാന റോളിലെത്തുന്നുണ്ട്. അതുപോലെ ബിജു മേനോനും ഒരു വേഷം ചെയ്യുന്നുണ്ട്. പ്രശാന്ത് ഈ നടൻമാർക്ക് അവർ അർഹിക്കുന്ന ബഹുമാനം നൽകിക്കൊണ്ടുള്ള റോൾ നൽകുമെന്ന് എനിക്ക് അറിയാം,’പൃഥ്വിരാജ് പറഞ്ഞു.
ജൂനിയർ എൻ.ടി.ആറെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് തുടക്കത്തിൽ ‘ഡ്രാഗൺ’ എന്ന് പേരിട്ടിരുന്നുവെങ്കിലും, തമിഴ് നടൻ പ്രദീപ് രംഗനാഥന്റെ ചിത്രത്തിന് അതേ പേര് നൽകിയതോടെ ടൈറ്റിൽ മാറ്റുമോ എന്നതിനെക്കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. ‘NTRNEEL’ എന്ന കോഡ് നെയിമിൽ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ നടന്നിരുന്നു. ഇപ്പോൾ വീണ്ടും ‘ഡ്രാഗൺ’ എന്ന പേരിലാണ് പ്രോജക്ടിനെ ആരാധകർ അഭിസംബോധന ചെയ്യുന്നത്. 2026 ആദ്യവാരത്തിൽ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരുന്നത്.