
പ്രശസ്ത നടനും എംഎൻഎം നേതാവുമായ കമൽഹാസൻ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴ് ഭാഷയിലാണ് കമൽഹാസൻ സത്യപ്രതിജ്ഞ ചൊല്ലിയത്. പാർലമെന്റിലേക്കുള്ള തന്റെ പ്രവേശനം വലിയ അഭിമാനമായി കണക്കാക്കുന്നതായും രാജ്യത്തിനായി ചെയ്യാനുള്ള നിരവധി കാര്യങ്ങളുണ്ടെന്നും കമൽഹാസൻ വ്യക്തമാക്കി.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് ഡിഎംകെ കമലിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. 2025 ജൂണിൽ ഒഴിവുവരുന്ന സീറ്റ് നൽകാമെന്നായിരുന്നു വാഗ്ദാനം. ജൂൺ 6ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, വി.സി.കെ. നേതാവ് തിരുമാവളവൻ, എംഡിഎംകെ നേതാവ് വൈകോ, തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ സെൽവപെരുന്തഗൈ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കമൽ നാമനിർദേശ പത്രിക നൽകിയത്. എതിരില്ലാതെ കമൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കമലിന് പുറമെ മറ്റ് 5 പേർ കൂടി കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
അതേസമയം, ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം, ഉപരാഷ്ട്രപതിയുടെ രാജി എന്നിവയെക്കുറിച്ചുള്ള ചർച്ചകളിൽ പാർലമെന്റ് ഇന്നും പ്രഷുബ്ധമായി തുടരുന്നു. ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് 52 ലക്ഷം പേർ പുറത്തായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. ഇതിനിടെ, പ്രതിപക്ഷ ഇന്ത്യ സഖ്യം പാർലമെന്റ് കവാടത്തിന് മുന്നിലും പ്രതിഷേധം നടത്തുമെന്നു അറിയിച്ചു. ലോക്സഭ ഇന്നലെ രണ്ടുമണിവരെ മാത്രമാണ് പ്രവർത്തിച്ചത്. കഴിഞ്ഞ നാലുദിവസമായി നടപടികൾ പൂർത്തിയാകാതെ പാർലമെന്റ് പിരിയുകയാണ്.