
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെ അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ പേരെടുത്ത് മോശമായ ഭാഷയിൽ വിമർശനം നടത്തിയതിനെ തുടർന്ന് നടൻ വിനായകന്റെ സോഷ്യൽമീഡിയ കുറിപ്പ് വിവാദമാകുന്നു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് വിനായകൻ വി.എസ്സിനൊപ്പം മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവർക്കെതിരെ മോശമായ പരാമർശങ്ങൾ നടത്തിയത്. ഇവരുടെ മരണവുമായി ബന്ധപ്പെട്ടുള്ള സാഹചര്യങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
സാമൂഹികമാധ്യമങ്ങളിലൂടെയും പൊതുപരിപാടികളിലൂടെയും വിവാദ പരാമർശങ്ങൾ നടത്തുന്ന വിനായകൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മരണപ്പെട്ട സമയത്തും സമാനമായ ഭാഷാ ഉപയോഗം നടത്തിയിരുന്നു. അന്നത്തെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയെത്തുടർന്ന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
പോസ്റ്റിനെതിരെ സാമൂഹികമാധ്യമങ്ങളിലുടനീളം ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. രാഷ്ട്രീയ ലോകത്തും പൊതുജനതലത്തും വിനായകന്റെ നിലപാടിനെതിരെ വിമർശനങ്ങൾ ശക്തമാണ്.