
സ്ഥിരവരുമാനം ഉണ്ടായിരുന്നെങ്കിൽ അഭിനയം പണ്ടേ നിറുത്തുമായിരുന്നെന്ന് വ്യക്തമാക്കി നടനും ആന്ധ്രാപ്രദേശിന്റെ ഉപമുഖ്യമന്ത്രി കൂടിയായ പവൻ കല്യാൺ. കൂടാതെ സിനിമയിൽ എത്തുന്നതിന് മുമ്പും തനിക്ക് ഏറ്റവും താത്പര്യമുണ്ടായിരുന്ന മേഖല പൊതുപ്രവര്ത്തനമായിരുന്നുവെന്നും പവൻ കല്യാൺ കൂട്ടിച്ചേർത്തു. ഇന്ത്യാ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു താരം.
“അഭിനയം എന്നോ നിർത്തണമായിരുന്നെന്ന് എനിക്ക് തോന്നാറുണ്ട്. പക്ഷെ, എന്റെ ഏകവരുമാനമാര്‍ഗം സിനിമയാണ്. എനിക്ക് ആവശ്യത്തിന് പണവും സ്ഥിരവരുമാനവുമുണ്ടായിരുന്നെങ്കില് ഞാന്‍ സിനിമ ചെയ്യുമെന്ന് തോന്നുന്നില്ല. കാരണം എനിക്ക് സിനിമയേക്കാള്‍ താത്പര്യം രാഷ്ട്രീയമാണ്. എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം രാജ്യസേവനമാണ്. പവന് കല്യാണ്‍ പറഞ്ഞു.
സിനിമയും രാഷ്ട്രീയവും ഒരുമിച്ചുകൊണ്ടുപോവുന്നത് എളുപ്പമുള്ള കാര്യമല്ല. രാഷ്ട്രീയം ജീവിതമാണ് സിനിമ നാടകീയതയും. പൊതുനയങ്ങളെക്കുറിച്ച് സംസാരിച്ചിട്ട് പെട്ടെന്ന് ഒരുദിവസം സിനിമയിലേക്ക് തിരികെപ്പോയി നൃത്തം ചെയ്യുകയോ നാടകീയമായ സംഭാഷണങ്ങള്‍ പറയുകയോ ചെയ്യുമ്പോൾ ഞാൻ ശരിക്കും ബുദ്ധിമുട്ടുന്നുണ്ട്. പവന് കല്യാണ്‍ കൂട്ടിച്ചേർത്തു.
പവൻ കല്യാണിന്റേതായി ‘ഹരി ഹര വീര മല്ലു’ എന്ന സിനിമയാണ് ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്. ജൂലൈ 24 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഗ്യാങ്സ്റ്റർ ഡ്രാമയായ ‘ദേ കോൾ ഹിം ഒജി’ യും സെപ്റ്റംബർ 25 ന് എത്തുന്നുണ്ട്. ‘ഉസ്താദ് ഭഗത് സിംഗ്’ എന്ന പൊലീസ് ഡ്രാമയിലാണ് നിലവിൽ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.