
പഴയ മലയാള സിനിമകളുടെ ഫിലിമുകൾ നഷ്ടമായി. ന്യൂഡൽഹി, ചിത്രം, കിലുക്കം, താളവട്ടം, ധ്രുവം തുടങ്ങിയ സിനിമകളുടെ പ്രിന്റും ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ 70 എംഎം സിനിമ പടയോട്ടം, ആദ്യ സിനിമാസ്കോപ്പ് ചിത്രം തച്ചോളി അമ്പു തുടങ്ങിയവയുടെയൊന്നും പ്രിന്റുകൾ ഇല്ല. മലയാള സിനിമാ ചരിത്രവുമായി ബന്ധപ്പെട്ട പ്രധാന സിനിമകൾ പോലും നഷ്ടമായെന്നാണ് വിവരം.
ഫിലിമുകൾ എവിടെയും കൃത്യമായി സൂക്ഷിച്ചുവെക്കാത്തതാണ് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതരസംസ്ഥാന ലാബുകളിലുള്ള മലയാള സിനിമകളുടെ നെഗറ്റീവ് പ്രിന്റുകളിൽ 80 ശതമാനവും ഉപയോഗശൂന്യമായി. കോവിഡ് കാലത്തും മറ്റും ലാബുകളുടെ പ്രവർത്തനം തടസ്സപ്പെട്ടപ്പോൾ കൃത്യമായ പരിപാലനം ഇല്ലാതെവന്നു. ഇതോടെയാണ് മിക്ക ഫിലിമുകളും നശിച്ചത്.
പഴയസിനിമകൾ പുതുക്കിയെടുക്കാനുള്ള ഏക ആശ്രയം ഇനി പോസിറ്റീവ് പ്രിന്റുകളാണ്.എഡിറ്റിങ്, സൗണ്ട് മിക്സിങ് വർക്കുകൾ എല്ലാം പൂർത്തിയായി ഫൈനൽ ഇറക്കുന്ന പ്രിന്റാണ് നെഗറ്റീവ്. ഈ നെഗറ്റീവിൽനിന്ന് തിയേറ്റർ പ്രദർശനങ്ങൾക്കുവേണ്ടി കോപ്പി എടുക്കുന്ന ഫിലിമാണ് പോസിറ്റീവ് പ്രിന്റുകൾ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒട്ടേറെ പഴയ മലയാളസിനിമകൾ റീമാസ്റ്റർചെയ്ത് തിയേറ്ററുകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും വന്നിരുന്നു. നിലവിൽ പലരും പഴയ സിനിമകൾ റീമാസ്റ്റർ ചെയ്യാൻ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ പ്രിന്റ് ലഭിക്കാതെ ഇത് സാധ്യമാകില്ല. ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് പഴയ ഫിലിമുകളിൽനിന്ന് വളരെ വ്യക്തതയോടെ 4-കെ, 8-കെ നിലവാരത്തിൽ സിനിമകൾ പുതുക്കി എടുക്കാൻ സാധിക്കും.
സിനിമകൾ സൂക്ഷിക്കാത്തതുകാരണം പുതിയ തലമുറയ്ക്ക് പഴയ ചിത്രങ്ങളും കാലഘട്ടവുമൊക്കെ മനസ്സിലാക്കാനുള്ള അവസരംകൂടിയാണ് നഷ്ടമാകുന്നത്. റീമാസ്റ്ററിങ് മേഖലയിലുള്ള പലരും പഴയചിത്രങ്ങൾ, അക്കാദമിക് താത്പര്യത്തിന് വേണ്ടി പുതുക്കി സൂക്ഷിക്കാൻ മുന്നോട്ടുവരുന്നുണ്ട്. ആരുടെയെങ്കിലും പക്കൽ പഴയ ചിത്രങ്ങളുടെ ഫിലിമുകൾ ഉണ്ടെങ്കിൽ അറിയിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.