
ഷൂട്ടിംഗ് രംഗങ്ങൾ ലീക്കായതിനെതിരെ നടപടിക്കൊരുങ്ങി ചിരഞ്ജീവി-നയൻതാര ചിത്രത്തിന്റെ നിർമാതാക്കൾ. അനിൽ രവിപുഡിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഗാനരംഗമെന്ന് തോന്നിക്കുന്ന ദൃശ്യങ്ങളാണ് ലീക്കായിട്ടുണ്ടായിരുന്നത്. ഒരു മലയാളി വ്ലോഗറാണ് ഇരുതാരങ്ങളും ഒരുമിച്ചുള്ള ചില രംഗങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. പിന്നാലെ എക്സ് അടക്കമുള്ള വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ ഈ രംഗങ്ങൾക്ക് വ്യാപക പ്രചരണവും ലഭിച്ചു. ഇതിനെത്തുടർന്നാണ് മുന്നറിയിപ്പുമായി ചിത്രത്തിന്റെ നിർമാതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
“മെഗാ 157-ൻ്റെ സെറ്റുകളിൽ നിന്ന് അനധികൃതമായി വീഡിയോകളും ഫോട്ടോകളും റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതൊരു ഗുരുതരമായ വിശ്വാസലംഘനവും ബൗദ്ധിക സ്വത്തവകാശങ്ങളുടെ ലംഘനവുമായാണ് കണക്കാക്കുന്നത്. ചോർന്ന ദൃശ്യങ്ങൾ പങ്കുവെക്കുകയോ അപ്‌ലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും പ്ലാറ്റ്‌ഫോമിനുമെതിരെ പകർപ്പവകാശ ലംഘന, ആൻ്റി-പൈറസി നിയമങ്ങൾ പ്രകാരം കർശനമായ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും. ഞങ്ങൾ വളരെ ഇഷ്ടത്തോടെയും ശ്രദ്ധയോടെയും ഒരുക്കുന്ന ഒരു സിനിമയാണിത്”.നിർമ്മാതാക്കൾ എക്സിൽ കുറിച്ചു.
ഷൈൻ സ്‌ക്രീൻസും ഗോൾഡ് ബോക്‌സ് എന്റർടൈൻമെന്റ്‌സും ചേർന്നാണ് അനിൽ രവിപുഡിയുടെ സംവിധാനത്തിൽ ചിരഞ്ജീവിയും നയൻതാരയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം നിർമിക്കുന്നത്. മെഗാ -157 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്.
സാഹു ഗരപതിയും സുസ്മിത കൊനിഡേല എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. സൈറാ നരസിംഹ റെഡ്ഡി, ‘ഗോഡ്ഫാദർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ചിരഞ്ജീവിയും നയൻതാരയും ഒന്നിക്കുന്ന ചിത്രമാണ് മെഗാ -157. ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ഹൈദരാബാദിലും രണ്ടാം ഷെഡ്യൂൾ മസൂറിയിലും പൂർത്തിയായിരുന്നു. ചിത്രത്തിന് ഭീംസ് സിസിറോലിയോ സംഗീതം നൽകുമ്പോൾ, സമീർ റെഡ്ഡിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നു. തമ്മിരാജു എഡിറ്റിംഗും എ എസ് പ്രകാശ് കലാസംവിധാനവും നിർവഹിക്കുന്നു. എസ്. കൃഷ്ണയാണ് ചിത്രത്തിൻ്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. എസ്. കൃഷ്ണയും ജി. ആദി നാരായണയും ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. 2026-ലെ സംക്രാന്തിക്ക് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.