
തമിഴ്നാട് മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ മൂത്തമകനായ എം.കെ. മുത്തു (77) അന്തരിച്ചു. ശനിയാഴ്ച്ച രാത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി വ്യത്യസ്ത ശാരീരിക അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.
മുത്തുവിന്റെ മരണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനം അറിയിച്ചു. “തന്നിൽ പിതൃതുല്യമായ വാത്സല്യം ചൊരിഞ്ഞ സഹോദരനെയാണ് നഷ്ടമായതെന്നും, കലയിലൂടെയും പാട്ടുകളിലൂടെയും അദ്ദേഹം ജനഹൃദയങ്ങളിൽ ജീവിച്ചിരിക്കുമെന്നും” സ്റ്റാലിൻ പറഞ്ഞു.
കരുണാനിധിയുടെ ആദ്യ ഭാര്യയായ പത്മാവതിയിലുണ്ടായ മകനാണ് മുത്തു. മുത്തുവേല്‍ കരുണാനിധി മുത്തു എന്നാണ് മുഴുവൻ പേര്. അമ്മയുടെ കുടുംബത്തിൽനിന്ന് സംഗീതം പൈതൃകമായി ലഭിച്ച മുത്തു ചെറുപ്പത്തിൽ തന്നെ സംഗീതം അഭ്യസിച്ചിരുന്നു. 1970-ൽ പുറത്തിറങ്ങിയ പിള്ളയോ പിള്ളൈ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
സമയല്‍കാരന്‍, അണയവിളക്ക്, ഇങ്കേയും മനിതര്‍കള്‍, പൂക്കാരി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകൾ. മുൻമുഖ്യമന്ത്രി എം.ജി. രാമചന്ദ്രനാണ് മുത്തുവിനെ സിനിമയിൽ അവതരിപ്പിച്ചത്. എന്നാല്‍, എം.ജി.ആറിനെ അനുകരിക്കുന്ന തരത്തിലുള്ള അഭിനയശൈലി തിരിച്ചടിയായെന്നും പിന്നീട് അദ്ദേഹത്തിനും എം.ജി.ആറിനും ഇടയിൽ താല്പര്യഭിന്നതകൾ ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.
രാഷ്ട്രീയ രംഗത്തും കടന്നുവന്ന മുത്തു എ.ഐ.എ.ഡി.എം.കെ-യിലേക്കുള്ള ചുവടുവെപ്പിന് ശ്രമം നടത്തി. എന്നാല്‍ എം.ജി.ആര് സ്വീകരിക്കാന്‍ തയ്യാറായില്ല. 2009-ലാണ് അദ്ദേഹം പിതാവായ കരുണാനിധിയുമായി വീണ്ടും അടുപ്പത്തിലായത്. രാഷ്ട്രീയത്തിലും സിനിമയിലും വലിയ രീതിയിൽ ശോഭിക്കാനായില്ലെങ്കിലും സ്ടാൻഗീതത്തിൽ അദ്ദേഹം തന്റേതായൊരു ഇടം കണ്ടെത്തിയിരുന്നു.