
വിഷ്ണു മഞ്ചു നായകനായെത്തിയ പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’ രാഷ്ട്രപതി ഭവനില്‍ പ്രദര്‍ശിപ്പിച്ചു. വിഷ്ണു മഞ്ചു തന്നെയാണ് ഈ കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കേന്ദ്ര വാര്‍ത്താവിനിമയ- പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം സിനിമ കാണുകയും ചിത്രത്തെക്കുറിച്ചുള്ള പ്രതികരണം അറിയിക്കുകയും ചെയ്തു.
‘വാക്കുകള്‍ക്ക് അതീതമായ ആദരം. ഭക്തിക്ക് പ്രാധാന്യം നല്‍കിയുള്ള കഥപറച്ചിലിനും സാംസ്‌കാരിക പ്രാധാന്യത്തിനുമുള്ള അംഗീകാരമായി “കണ്ണപ്പ” രാഷ്ട്രപതി ഭവനില്‍ പ്രത്യേക പ്രദര്‍ശനം നടത്തി. ഹര, ഹര മഹാദേവ്’, വിഷ്ണു മഞ്ചു കുറിച്ചു.
ചിത്രം ജൂണ്‍ 27-നാണ് പുറത്തിറങ്ങിയത്. നടൻ മോഹൻലാലും ചിത്രത്തിൽ അഥിതി വേഷത്തിലെത്തിയിരുന്നു. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായെത്തിയ ‘കണ്ണപ്പ’യ്ക്ക് പലയിടത്തും മികച്ച പ്രതികരണം ലഭിച്ചെങ്കിലും കേരളത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
അക്ഷയ് കുമാര്‍, പ്രഭാസ്, മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല തുടങ്ങി നിരവധി ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ ഒരുമിച്ചിട്ടുണ്ട്. ഇന്ത്യന്‍ പുരാണങ്ങളുടേയും ഐതിഹ്യങ്ങളുടേയും പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം എവിഎ എന്റര്‍ടെയ്ന്‍മെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളില്‍ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ്ങാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് ‘കണ്ണപ്പ’യ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്റണി ഗോണ്‍സാല്‍വസ് എന്നിവരാണ്.