“അനുരാഗ കരിക്കിൻ വെള്ളം മുതൽ മധുര മനോഹര മോഹം വരെ”; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക രജിഷ വിജയന് ജന്മദിനാശംസകൾ.

','

' ); } ?>

സൗത്ത് ഇന്ത്യൻ സിനിമകളിലെ ശ്രദ്ധേയമായ നടിമാരിൽ ഒരാളാണ് രജിഷ വിജയൻ. തന്റേതായ അഭിനയ ശൈലിയിലൂടെയും ഭാവുകത്വങ്ങളിലൂടെയും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയുടെ മുഖമായി മാറാൻ രജിഷയ്ക്ക് സാധിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് തുടങ്ങിയ അന്യ ഭാഷ ചിത്രങ്ങളിലും കഥാപാത്ര തനിമയുള്ള വേഷങ്ങൾ കൊണ്ട് രജിഷ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്.
ഒരു അഭിനേത്രി എന്നതിനപ്പുറത്തേക്ക് അവതാരകയും മോഡലുമാണ് രജിഷ. മലയാളികളുടെ പ്രിയപ്പെട്ട നായിക രജിഷയ്ക്ക് ജന്മദിനാശംസകൾ.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയാണ് രജിഷയുടെ സ്വദേശം. നോയിഡയിലെ അമിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിലും ജേണലിസത്തിലും ബിരുദം നേടിയ രജിഷ പിന്നീട് “സൂസിസ് കോഡ്”, “സൂര്യ ചലഞ്ച്”, “ഉഗ്രം ഉജ്വലം” തുടങ്ങിയ ടിവി പരിപാടികളിലൂടെ അവതാരകയായി ശ്രദ്ധ നേടി. 2016-ലെ “അനുരാഗ കരിക്കിൻ വെള്ളം” എന്ന ആസിഫ് അലി ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ആദ്യചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും, ഫിലിംഫെയർ നോമിനേഷനും നേടി.

സിനിമകളിൽ രജിഷയുടെ പ്രകടനങ്ങൾ എല്ലാ വിഭാഗം പ്രേക്ഷകരെയും സ്വാധീനിച്ചിട്ടുണ്ട്. “ജോർജേട്ടൻസ് പൂരം”, “ഒരു സിനിമാക്കാരൻ”, “ജൂൺ”, “ലവ്”, “ഇഷ്ടം”, “കുമാരി” തുടങ്ങിയ ചിത്രങ്ങളൊക്കെ തന്നെയും രജിഷയ്ക്ക് അഭിനയം തെളിയിക്കാനുള്ള അവസരങ്ങളായിരുന്നു. “ജൂൺ” എന്ന ഒറ്റ ചിത്രത്തിലൂടെ ഒരു പെൺകുട്ടിയുടെ വ്യത്യസ്തമായ നാല് കാലഘട്ടങ്ങൾ അവതരിപ്പിച്ചതിലൂടെ രജിഷ യുവത്വത്തിന്റെ പ്രതിനിധിയായി മാറി. ഷൈൻ ടോം ചാക്കോയോടൊപ്പം അഭിനയിച്ച “ലവ്” എന്ന സൈക്കോളജിക്കൽ ഡ്രാമയും ശ്രദ്ധിക്കപെടുകയും, നിരൂപക പ്രശംസ നേടുകയും ചെയ്തു. മാരി സെൽവരാജ് സംവിധാനം ചെയ്ത “കർണൻ” എന്ന ചിത്രത്തിലൂടെയാണ് രജിഷയുടെ തമിഴ് അരങ്ങേറ്റം. ധനുഷ്, ലാൽ, യോഗി ബാബു തുടങ്ങിയവരോടൊപ്പം തകർത്തഭിനയിച്ച രജിഷയുടെ കഥാപാത്രം പ്രേക്ഷകരിൽ നല്ല സ്വാധീനം ചെലുത്തി. സൂര്യയുടെ കൂടെയുള്ള ജയ് ഭീമും, കാർത്തിയുടെ കൂടെയുള്ള സർദാറും ശ്രദ്ധിക്കപ്പെട്ടു. രാമറാവു ഓൺ ഡ്യൂട്ടി എന്ന രവിതേജക്കൊപ്പമുള്ള തെലുങ്ക് ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്തും രജിഷ ചുവടുറപ്പിച്ചു.

ഫാഷൻ രംഗത്തും രജിഷ സജീവമാണ്. 2023-ലെ ഇന്ത്യൻ ഫാഷൻ ഫെയറിൽ “ഫാഷൻ ഐക്കൺ ഓഫ് ദി ഇയർ” ആയി രജിഷ ആദരിക്കപ്പെട്ടു. കൊച്ചി ടൈംസ് പ്രസിദ്ധീകരിച്ച അഭിലഷണീയതയുടെ പട്ടികയിലും രജിഷ 2017, 2019, 2020 എന്നിങ്ങനെ പലവട്ടം ഇടം നേടി. മികച്ച കഥാപാത്രങ്ങൾ കൊണ്ട് ഇനിയുമൊരുപാട് സംഭാവനകൾ രജിഷയ്ക്ക് സിനിമ ലോകത്തിനു നൽകാൻ കഴിയട്ടെ.