
തന്റെ ഗാനത്തിന്റെ റൈറ്റ്സിനായി വളരെ തുച്ഛമായ തുക നൽകിയ “ടി സീരീസ്” ഗാനങ്ങൾ ഹിറ്റായതോടെ അതിലൂടെ വലിയ ലാഭം നേടിയെന്ന്
തുറന്നു പറഞ്ഞ് സംവിധായകൻ അനുരാഗ് കശ്യപ്. ബോളിവുഡിലെ പ്രശസ്ത മ്യൂസിക് ലേബലാണ് “ടി സീരീസ്”. ദേവ് ഡി, ഗാങ്സ് ഓഫ് വാസിപൂർ, ഗുലാൽ എന്നിവയുടെ മ്യൂസിക് റൈറ്റ്സാണ് “ടി സീരീസ്” വളരെ തുച്ഛമായ വിലയ്ക്ക് അനുരാഗ് കശ്യപിന്റെ പക്കൽ നിന്നും വാങ്ങിയെടുത്തത്.
‘ഒരു സിനിമയിലെ മ്യൂസിക്കിനല്ല അതിലെ താരത്തിനെ അടിസ്ഥാനമാക്കിയാണ് പലപ്പോഴും പൈസ ലഭിക്കുന്നത്. സംഗീതത്തിന്റെ ഗുണനിലവാരത്തിന് അവർ പണം നൽകുന്നില്ല. ദേവ് ഡിയുടെ പാട്ടുകൾ വലിയ ഹിറ്റുകൾ ആയിരുന്നെങ്കിലും അവർ എനിക്ക് അർഹിക്കുന്ന പൈസ നൽകിയിരുന്നില്ല’, അനുരാഗ് കശ്യപ് പറഞ്ഞു.
മ്യൂസിക് ലേബലുകൾക്ക് നല്ല സംഗീതം ഒരിക്കലും മനസിലാകില്ല. അവർ താരങ്ങൾക്ക് മാത്രമേ പണം നൽകുന്നുള്ളൂ. അവർ എനിക്ക് ഏറ്റവും കൂടുതൽ പണം നൽകിയത് ബോംബെ വെൽവെറ്റിന് വേണ്ടിയായിരുന്നു. ആ സിനിമയുടെ മ്യൂസിക് അവർക്ക് ഇഷ്ടമായില്ലെങ്കിലും അവർ എനിക്ക് കൃത്യമായ പൈസ നൽകി കാരണം ആ സിനിമയിൽ രൺബീർ കപൂർ, അനുഷ്ക ശർമ്മ അടക്കമുള്ള കാസ്റ്റുണ്ടായിരുന്നു’, അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.
ഗാങ്സ് ഓഫ് വസേപൂർ, ഗുലാൽ, മൻമർസിയാൻ എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് അനുരാഗ് കശ്യപ്. അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബോംബെ വെൽവെറ്റ് വലിയ പരാജയമായിരുന്നു ബോക്സ് ഓഫീസിൽ ഏറ്റുവാങ്ങിയത്. 120 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത് 23 കോടി മാത്രമാണ്. കരൺ ജോഹർ, വിക്കി കൗശൽ, മനീഷ് ചൗധരി തുടങ്ങിയവരും സിനിമയിലെ പ്രധാന അഭിനേതാക്കളായിരുന്നു.