
ബെറ്റിങ് അപ്പുകൾക്ക് വേണ്ടി പരസ്യം ചെയ്ത സിനിമ താരങ്ങൾക്കെതിരെയും സോഷ്യല്‍മീഡിയാ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കെതിരേയും കേസ് ഫയൽ ചെയ്ത് എന്‍ഫോഴ്സ് ഡയറക്ടറേറ്റ്. ഈ പ്രചാരണങ്ങളിലൂടെ വലിയ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടാവാമെന്നും അത് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. താരങ്ങൾക്കെതിരെ ഉടനെ സമന്‍സ് അയക്കുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്.
വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, നിധി അഗര്‍വാള്‍, മഞ്ചു ലക്ഷ്മി എന്നീ താരങ്ങള്‍ക്കെതിരെയും, രണ്ട് ടെലിവിഷന്‍ അവതാരകാർക്കെതിരെയുമാണ് ഇസിഐആര്‍(എന്‍ഫോഴ്സ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്തത്. ഇവരെ കൂടാതെ 29 പ്രമുഖ അഭിനേതാക്കള്‍, ഹര്‍ഷന്‍ സായ് ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയാ ഇന്‍ഫ്ളുവന്‍സര്‍മാര്‍, ലോക്കല്‍ ബോയ് നാനി എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാര്‍ എന്നിവര്‍ക്കെതിരെ ഇഡി അന്വേഷണം നടത്തിവരികയാണ്.
സ്‌കില്‍ ബേസ്ഡ് ഗെയിം എന്ന നിലയില്‍ റമ്മിയെ സുപ്രീംകോടതി നൈപുണ്യത്തിന്റെ കളിയായി അംഗീകരിച്ചിട്ടുണ്ടെന്നും കഴിവ് അടിസ്ഥാനമാക്കിയുള്ള ഗെയിമായ എ23യുടെ ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമാണ് താനെന്നുമാണ് നടൻ വിജയദേവരകൊണ്ടയുടെ പ്രതികരണം. ഇത് ഭാഗ്യത്തെ അടിസ്ഥാനമാക്കിയുള്ള ചൂതാട്ടത്തില്‍ നിന്ന് വ്യത്യസ്തമാണെന്നും നടൻ ചൂണ്ടിക്കാട്ടി.
ഇതുപോലെയുള്ള ഗെയിമിങ് ആപ്പുമായി തനിക്കുണ്ടായിരുന്ന ബന്ധം 2017-ല്‍ അവസാനിച്ചുവെന്നാണ് നടൻ റാണ ദഗ്ഗുബാട്ടി വ്യക്തമാക്കുന്നത്.
ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ അനുവദിക്കപ്പെട്ട പ്രദേശങ്ങളില്‍ മാത്രമാണ് എല്ലാ പ്രചാരണ പരിപാടികളും നടത്തിയതെന്നും അവ നിയമപരമായ പരിശോധനകള്‍ക്ക് വിധേയമായിരുന്നു എന്നും അദ്ദേഹംകൂട്ടിച്ചേർത്തു. തന്റെ ലീഗല്‍ ടീം വഴിയാണ് താരം സംഭവത്തിൽ വിശദീകരണത്തെ നൽകിയിരിക്കുന്നത്.
2016-ല്‍ താന്‍ ജംഗിള്‍ റമ്മിയെ പ്രോത്സാഹിപ്പിച്ചിരുന്നുവെനന്നും, എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ അവസാനിപ്പിച്ചുവെന്നും നടന്‍ പ്രകാശ് രാജ് വ്യക്തമാക്കി. അതിനുശേഷം ചൂതാട്ടവുമായി ബന്ധപ്പെട്ട ഒരു പ്ലാറ്റ്‌ഫോമിനെയും താന്‍ പ്രമോട്ട്ചെയ്തിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.