
ദക്ഷിണേന്ത്യന്‍ സിനിമകളിൽ നല്ല വേഷങ്ങൾ ലഭിച്ചില്ലെന്ന പരാമർശങ്ങളിൽ പ്രതികരിച്ച് തെന്നിന്ത്യൻ നടി ജെനീലിയ ഡിസൂസ. തന്റെ ഏറ്റവും ശക്തമായ കഥാപാത്രം അത് അറക്കൽ ആയിഷയായാണെന്നും അത് മലയാളത്തിൽ നിന്നുള്ള കഥാപാത്രമാണെന്നും താരം വ്യക്തമാക്കി. തന്റെ ഏറ്റവും പുതിയ ചിത്രം സിതാരേ സമീന്‍ പര് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സിദ്ധാര്‍ത്ഥ് കണ്ണനോട് സംസാരിക്കുകയായിരുന്നു ജെനീലിയ
‘ദക്ഷിണേന്ത്യന്‍ സിനിമകള്‍ എനിക്ക് നല്ല വേഷങ്ങള്‍ തന്നിട്ടില്ലെന്ന വാദം തെറ്റാണ്. മലയാളികൾക്ക് ഞാൻ അറക്കൽ ആയിഷയാണ്. “ഉറുമി” എന്ന ചിത്രത്തിൽ ഞാൻ അവതരിപ്പിച്ച കഥാപാത്രമാണത്. ഞാൻ ചെയ്തതിൽ വളരെ ശക്തമായൊരു കഥാപാത്രം കൂടിയാണത്. ഇനി നിങ്ങള്‍ ഹൈദരാബാദില്‍ പോയി നോക്കൂ. അവിടെ ഞാന്‍ ഹരിണിയാണ്. തമിഴ്നാട്ടില്‍ പലര്‍ക്കും ഞാന്‍ ഇന്നും ഹാസിനിയാണ്. ജെനീലിയ പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ സിനിമകള്‍ എനിക്കൊരു ലേണിങ് ഗ്രൗണ്ടായിരുന്നു. എനിക്ക് കിട്ടിയ ഏറ്റവും മികച്ച വേഷങ്ങള്‍ സൗത്ത് ഇന്ത്യയില്‍ നിന്നാണ്. ആ കഥാപാത്രങ്ങളോട് ഇപ്പോഴും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്നാല്‍ പലരും ഇപ്പോഴും എന്നെ പുതിയ സിനിമകള്‍ കൊണ്ട് മാത്രമാണ് ജഡ്ജ് ചെയ്യുന്നത്,’ ജെനീലിയ കൂട്ടിച്ചേർത്തു.
ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സന്തോഷ് ശിവന് സംവിധാനം ചെയ്ത ചിത്രമാണ് ഉറുമി. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നത്. പ്രഭുദേവ, ആര്യ, ജെനീലിയ, നിത്യ മേനന്, ജഗതി ശ്രീകുമാര്‍, വിദ്യ ബാലന് എന്നിവരായിരുന്നു മറ്റ് താരങ്ങള്‍. എന്നാൽ വന്‍ ബജറ്റിലെത്തിയ ഉറുമി ബോക്സ് ഓഫീസില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെച്ചില്ല.