
മൈക്ക് കണ്ണിൽ കുത്തിയ സംഭവത്തിൽ ക്ഷമ ചോദിച്ച മാധ്യമ പ്രവർത്തകനെ ആശ്വസിപ്പിച്ച് നടൻ മോഹൻലാൽ. “അതൊന്നും കുഴപ്പമില്ലെന്നും, പുരികത്ത് കൊള്ളേണ്ടത് കണ്ണിൽ കൊണ്ടു”,എന്നുമാണ് മോഹൻലാൽ പ്രതികരിച്ചത്. മാധ്യമ പ്രവർത്തകൻ മോഹൻലാലിനെ ഫോണിൽ ബന്ധപ്പെട്ട് ക്ഷമ ചോദിക്കുകയായിരുന്നു.
അത് കഴിഞ്ഞ കാര്യമല്ലേ, നോ പ്രോബ്ലം. ഇനി കുഴപ്പം ഉണ്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയില്ലല്ലോ. നമ്മൾ 5 മണിക്ക് ഒരു പോസ്റ്റ് ഇടുമെന്ന് പറയുന്നു. അത് കഴിഞ്ഞിട്ട് മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നു. അത് കൊണ്ട് തന്നെ മാധ്യമങ്ങളിൽ അത് ഏത് രീതിയിലാണ് വന്നതെന്നും അതിന്റെ ബാക്കി കാര്യങ്ങൾ എന്താണെന്നും നമുക്കറിയില്ല. അത് കൊണ്ടാണ് എനിക്കറിയില്ല എന്നും പ്രതികരിക്കുന്നില്ല എന്നും പറഞ്ഞത്. കുഴപ്പമൊന്നുമില്ല പുരികത്ത് കൊള്ളേണ്ടത് കണ്ണിൽ കൊണ്ടു അത്രയേ ഒള്ളു. മോഹൻലാൽ പറഞ്ഞു.
“ഒരാവേശത്തിന് കൈ വെച്ചതാണെന്നും കൈ ലോക്ക് ആയിപോയെന്നും” മാധ്യമ പ്രവർത്തകൻ പറഞ്ഞപ്പോൾ ടേക്ക് കെയർ എന്നും നിന്നെ ഞാൻ നോക്കി വെച്ചിട്ടുണ്ടെന്നും തമാശയായി മോഹൻലാൽ കൂട്ടി ചേർത്തു.
സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയത് മോഹൻലാലായിരുന്നു. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്‌കാരം വാങ്ങി മടങ്ങുമ്പോഴായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മൈക്ക് കണ്ണില്‍ തട്ടി വേദന അനുഭവപ്പെട്ട നടന്‍ കൈകൊണ്ട് ഉടന്‍ കണ്ണുതൊടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ വേദന അനുഭവപ്പെട്ടിട്ടും പ്രകോപിതനാകാതെ ‘എന്താ… മോനെ.. ഇതൊക്കെ’ കണ്ണിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചോദിച്ച് കാറില്‍ കയറുകയാണ് മോഹന്‍ലാല്‍ ചെയ്തത്.