“ജീവിതത്തിൽ ഇത്രത്തോളം എന്നെ സ്വാധീനം ചെലുത്തിയ മറ്റൊരു മനുഷ്യനില്ല “; റോൾ മോഡലിനെ പരിചയപ്പെടുത്തി മീനാക്ഷി അനൂപ്

','

' ); } ?>

ജീവിതത്തിലും എഴുത്തിലും വന്ന മാറ്റങ്ങൾക്ക് കാരണക്കാരനായ വ്യക്തിയെ പരിചയപ്പെടുത്തി നടിയും അവതാരകയുമായ “മീനാക്ഷി അനൂപ്”.
അധ്യാപകനും പ്രഭാഷകനുമായ വൈശാഖൻ തമ്പിക്കൊപ്പമുള്ള ചിത്രമാണ് മനോഹരമായ അടികുറിപ്പോടെ മീനാക്ഷി പങ്കു വെച്ചിരിക്കുന്നത്. എന്നെങ്കിലും അദ്ദേഹത്തെ നേരിട്ട് കാണുമെന്ന് കരുതിയില്ലെന്നും സ്വപ്ന തുല്യമായ ആ നിമിഷം വന്നെത്തിയപ്പോൾ യൗവനത്തിലേക്ക് സ്വാഗതം എന്നാണ് അദ്ദേഹം പറഞ്ഞതെന്നും മീനാക്ഷി പറഞ്ഞു.

‘‘ഇദ്ദേഹം എനിക്ക് ഒരു റോൾ മോഡലിനേക്കാൾ ഉപരിയാണ്. എന്റെ ജീവിതത്തിൽ ഇത്രത്തോളം എന്നെ സ്വാധീനം ചെലുത്തിയ മറ്റൊരു മനുഷ്യനില്ല. കുറച്ച് നാളുകളായി എല്ലാവരും ചോദിക്കുന്ന കാര്യമാണ് മീനാക്ഷിക്ക് എന്താണൊരു മാറ്റം എഴുത്തിലും സംസാരത്തിലുമൊക്കെ ഒരു മാറ്റമുണ്ടല്ലോ. ആ മാറ്റത്തിന്റെ കാരണത്തിനൊപ്പമാണ് ഞാനിന്ന് നിൽക്കുന്നത്.

ഞാനെന്റെ ജീവിതത്തിൽ ഇത്ര നീണ്ടു നിൽക്കുന്നൊരു സംഭാഷണം മറ്റാരുമായും നടത്തിയിട്ടില്ല. ഇനി മറ്റാരെങ്കിലുമായി അങ്ങനെയൊരു സംഭാഷണം സാധ്യമാണോ എന്നത് തീർച്ചയായും വലിയൊരു ചോദ്യം തന്നെയാണ്. മൈത്രേയനേയും വൈശാഖൻ തമ്പിയേയും എന്റെ അച്ഛൻ വളരെ നിർബന്ധിച്ചാണ് കേൾപ്പിച്ചിരുന്നത്. പക്ഷേ ഇന്ന് ഇവരെന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമാണ്. ഒരിക്കൻ നേരിൽ കണ്ടാൽ ചോദിക്കാൻ മാറ്റിവെച്ചിരുന്ന എല്ലാ സംശയങ്ങളും ചോദിച്ച് തീരും മുമ്പേ എന്നോട് പറഞ്ഞു, ‘‘ഒന്നും പേടിക്കാനില്ല, യൗവനത്തിലേക്ക് സ്വാഗതം’’. എന്റെ മുന്നിൽ യാഥാർഥ്യമായതിനു നന്ദി. ’’– മീനാക്ഷി കുറിച്ചു.

ബാലതാരമായി വന്ന് ഇപ്പോൾ അവതാരക എന്ന നിലയിലും തിളങ്ങി നിൽക്കുന്ന നടിയാണ് മീനാക്ഷി അനൂപ്. മോഹൻലാൽ-പ്രിയദർശൻ ചിത്രമായ ‘ഒപ്പം’, നാദിർഷാ സംവിധാനം ചെയ്ത ‘അമർ, അക്ബർ, ആൻറണി’, ‘ജമ്നാപ്യാരി’, ‘ഒരു മുത്തശ്ശി ഗഥ’, ‘ആന, മയിൽ, ഒട്ടകം’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ‘ഒപ്പ’ത്തിലെ ‘നന്ദിനിക്കുട്ടി’യും ‘അമർ അക്ബർ ആന്റണി’യിലെ ‘ഫാത്തിമ’യും ഏറെ ശ്രദ്ധനേടിയിരുന്നു. മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കുകീഴിലെ മണര്‍ക്കാട് സെന്റ് മേരീസ് കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാര്‍ഥിയാണ് ഇപ്പോൾ മീനാക്ഷി.