
മലയാള സിനിമയുടെ ഇടനാഴികളിലൂടെ നടന്ന് വന്ന് ഇന്ന് മലയാള സിനിമയുടെ മുഖമായി മാറിയ ഒരു കലാകാരനുണ്ട്. മിമിക്രിയും ഹാസ്യവും, ദേഷ്യവും വൈരാഗ്യവും, പ്രണയവും പകയും ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു തന്ന കലാകാരൻ. ഇന്ന് തന്റെ 49 മത്തെ പിറന്നാളോഘോഷിക്കുന്ന മലയാളത്തിന്റെ സ്വന്തം സുരാജ് വെഞ്ഞാറമൂട്. ഹാസ്യത്തിന്റെ കൊച്ചുകുളങ്ങളിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം, ഇന്നത് മലയാള സിനിമയുടെ ഏറ്റവും വിശ്വസനീയമായ അഭിനേതാക്കളിലൊരാളായി മാറിയിരിക്കുകയാണ്. “ചട്ടമ്പി നാടിലെ” ദശമൂലം ദാമുവിൽ നിന്നും “ജനഗണമനയിലെ” എസിപി സാജൻ കുമാറിലേക്കുള്ള സുരാജിന്റെ യാത്ര ചെറുതായിരുന്നില്ല. വർഷങ്ങളോളം പഴറ്റി തെളിച്ച അഭിനയമോഹവും ഉലയിലിട്ട് ഉരുക്കിയെടുത്ത കഴിവും കൂട്ടി ചേർത്തത്തിന്റെ ആകെ മൊത്തം തുകയാണ്. ഇനിയൊരു ദശമൂലത്തെ തനിക്ക് പോലും കഴിയില്ലെന്ന് തറപ്പിച്ചു പറയുന്ന തലത്തിലേക്കുള്ള പരിണാമം.
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട് എന്ന പണ്ട് അത്രയൊന്നും പരിഷ്‌കാരം സിദ്ധിച്ചിട്ടില്ലാത്ത ഗ്രാമത്തില്‍ ജനിച്ച സുരാജ് ജീവിതത്തിന്റെ തുടക്കത്തില്‍ വെറും സുരാജായിരുന്നു. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച കാര്യമായ സവിശേഷതകളൊന്നും അവകാശപ്പെടാനില്ലാത്ത കുട്ടി. അടുപ്പമുളളവര്‍ സുരാജിനെ വാത്സല്യത്തോടെ കുട്ടപ്പന്‍ എന്ന് വിളിച്ചിരുന്നതായി കേട്ടിട്ടുണ്ട്. സൈനികനായ പിതാവ് വാസുദേവന്‍ നായരെ പോലെ സുരാജിനും പട്ടാളത്തില്‍ ചേരണമെന്നായിരുന്നു ആഗ്രഹമെങ്കിലും വിധി നിശ്ചയം മറ്റൊന്നായിരുന്നു.സൈക്കിള്‍ അപകടത്തില്‍ കാലൊടിഞ്ഞതിനാല്‍ ആ അവസരം നഷ്ടപ്പെട്ടു. ഐടിഐ ഡിപ്ലോമ പൂര്‍ത്തിയാക്കിയ സുരാജ് മറ്റുളളവരെ അനുകരിക്കാനുളള കഴിവില്‍ നിന്നാണ് തന്റെയുളളിലെ കലാവാസന തിരിച്ചറിയുന്നത്. അങ്ങനെ അക്കാലത്ത് ഏറെ പ്രചാരം സിദ്ധിച്ച മിമിക്രി എന്ന കലാരൂപത്തിലേക്ക് സുരാജിന്റെയും ശ്രദ്ധ പതിഞ്ഞു. ഇന്നിപ്പോൾ ഹാസ്യവും മിമിക്രിയും കൈമുതലുള്ള ഏതൊരു കലാകാരന്റെയും പ്രതീക്ഷയും ഇൻസ്പിറേഷനുമാണ് സുരാജ് എന്ന അഭിനയ പ്രതിഭ.
അമ്പലപ്പറമ്പുകളിലും മറ്റ് സാധാരണ വേദികളിലും മിമിക്രി അവതരിപ്പിച്ച് സ്‌റ്റേജ് പെര്‍ഫോമന്‍സ് ജീവിതമാർഗ്ഗമാക്കിയ കാലം. സിനിമാല എന്ന ഹാസ്യപരിപാടില്‍ പങ്കെടുക്കാന്‍ മിമിക്രിയുടെ പശ്ചാത്തലത്താല്‍ സുരാജിന് ഒരവസരമൊരുങ്ങുന്നു. പിന്നീട് ജഗപൊക ഉള്‍പ്പെടെ ഹാസ്യരസപ്രധാനമായ ചില ടിവി പരമ്പരകളിലും സുരാജിന്റെ സാന്നിധ്യമുണ്ടാകുന്നു. ചലച്ചിത്ര താരങ്ങളുടെ ഡ്യൂപ്പുകളെ അണിനിരത്തി ചെയ്ത ‘ജഗപൊക’ എന്ന സിനിമയിലൂടെയാണ് സുരാജ് ആദ്യമായി സിനിമാ ക്യാമറയെ അഭിമുഖീകരിക്കുന്നത്. മൗലികമായ ഒരു കഥാതന്തുവോ കോമഡിയെങ്കിലും മികച്ച ആഖ്യാനരീതിയോ ഇല്ലാത്ത ഒരു സിനിമ. പിന്നീട് സി ബിഐ സീരിസില്‍ പുറത്തു വന്ന സേതുരാമയ്യര്‍ സിബിഐയിലെ ദല്ലാളാണ് വ്യാപകമായി പ്രേക്ഷകര്‍ കണ്ട സുരാജിന്റെ ആദ്യകഥാപാത്രം.
പിന്നീട് പല സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങളിലേക്ക് അദ്ദേഹം പരിഗണിക്കപ്പെട്ടു. രസതന്ത്രം, ക്ലാസ്‌മേറ്റ്‌സ്, തുറുപ്പു ഗുലാന്‍, മായാവി, ഛോട്ടാ മുംബൈ, രക്ഷകന്‍, ഹലോ, അറബിക്കഥ, അലിഭായ്…അങ്ങനെ ഒട്ടേറെ സിനിമകള്‍. മലയാള സിനിമാ ചരിത്രത്തില്‍ കാലാകാലങ്ങളായി വന്നു മാഞ്ഞുപോയ ഹാസ്യതാരങ്ങളില്‍ ഒരാള്‍ എന്നതിനപ്പുറം സുരാജില്‍ നിന്ന് ആ ഘട്ടത്തില്‍ അസാധാരണമായി ആരും തന്നെ ഒന്നും പ്രതീക്ഷിച്ചതുമില്ല.
സുരാജിന് അന്ന് സംവിധായകര്‍ നല്‍കിയ കഥാപാത്രങ്ങളുടെ ശീര്‍ഷകത്തില്‍ നിന്നു തന്നെ അദ്ദേഹത്തെക്കുറിച്ചുളള പൊതുബോധം വ്യക്തമായിരുന്നു.ദശമൂലം രാമു, ഇടിവെട്ട് സുഗുണന്‍, പാതാളം ഷാജി, ഇന്‍സ്‌പെക്ടര്‍ ശംഭു, തീപ്പന്തം രാജ്‌ബോസ്, മായന്‍കുട്ടി, ശിശുപാലന്‍, ബ്രോക്കര്‍ തോമാച്ചന്‍, വടിവേലു, തവള തമ്പി, പൂങ്കായി ശശി…അങ്ങനെ നീളുന്ന സ്റ്റീരിയോ ടൈപ്പ് പേരുകളും വേഷങ്ങളും. പെട്ടന്നൊരു ദിവസം
മലയാള സിനിമ പ്രേക്ഷകർ സുരാജ് എന്ന നടനിലെ അഭിനയം കാണുന്നു. ആ മനുഷ്യനിൽ നിന്നും ഇങ്ങനെയുമോ എന്ന തരത്തിൽ അയാൾ ആളുകളെ കൊണ്ട് ചിന്തിപ്പിക്കുന്നു. കയ്യടിപ്പിക്കുന്നു. “ആക്ഷൻ ഹീറോ ബിജുവിലെ” രണ്ട സീനുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന അച്ഛൻ കഥാപാത്രം. ഞാൻ ചിരിപ്പിക്കുമ്പോൾ ചിരിക്കുക മാത്രമല്ല, ഞാൻ കരയുമ്പോൾ നിങ്ങളും കൂടെ കരയും. എന്ന തെളിയിച്ചു തന്ന പ്രതിഭ. പിന്നീടങ്ങോട്ട് സുരാജിന് ലഭിച്ചതത്രയും വലിയ അഭിനയസാധ്യതയുളള കഥാപാത്രങ്ങള്‍….
പുതുതലമുറയ്‌ക്കൊപ്പം വേറിട്ട ഹിറ്റുകളുടെ ഭാഗമായി. സുരാജ് നടനും ഫഹദ് വില്ലനുമെന്ന പറഞ്ഞപ്പോൾ ഒന്നടങ്കം ഞെട്ടിയൊരു പ്രേക്ഷകർ ഉണ്ട്. “തൊണ്ടി മുതലും ദൃക്‌സാക്ഷിയും”. എത്ര മനോഹരമായണയ്യാൾ കാമുകനും ഭർത്താവുമായി സിനിമയിൽ നിറഞ്ഞാടിയത്. തുടർന്ന് വന്ന
ജനഗണമന, ഡ്രൈവിങ് ലൈസന്‍സ്, വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍…എത്രയെത്ര നല്ല സിനിമകള്‍. എല്ലാം വിജയങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തു. ഒടുവിൽ വിക്രം നായകനായ തമിഴ് ചിത്രം ‘വീര ധീര സൂരനി’ൽ വില്ലനായി തമിഴകത്തും താരം തന്റെ പേരു പതിപ്പിച്ചു.
2009ല്‍ മികച്ച ഹാസ്യ നടനുളള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ അദ്ദേഹം തൊട്ടടുത്ത വര്‍ഷം ഇതേ അവാര്‍ഡ് വീണ്ടും സ്വന്തമാക്കി. 2013ല്‍ ഒരിക്കല്‍ കൂടി അദ്ദേഹം സംസ്ഥാനത്തെ മികച്ച ഹാസ്യനടനായി. എന്നാല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് കമ്മറ്റി അദ്ദേഹത്തെ ആഴത്തില്‍ തിരിച്ചറിഞ്ഞു. ഡോ.ബിജുവിന്റെ ‘പേരറിയാത്തവര്‍’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം സുരാജ് സ്വന്തമാക്കി. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2019ല്‍ മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം വീണ്ടും ലഭിച്ചു. അങ്ങനെ എല്ലാ തലത്തിലും എല്ലാ അര്‍ത്ഥത്തിലും അംഗീകരിക്കപ്പെട്ട നടനായി സുരാജ് തിളങ്ങി.
‘ആൻഡ്രോയ്ഡ് കുഞ്ഞപ്പന്‍’ എന്ന പരീക്ഷണചിത്രത്തിലെ വൃദ്ധന്റെ വേഷം സുരാജിന്റെ കൈകളില്‍ ഭദ്രമായിരുന്നു. സുരാജ് നായകനായ ‘വികൃതി’യും മറ്റൊരു പരീക്ഷണമായിരുന്നു. ‘ഡ്രൈവിങ് ലൈസന്‍സി’ല്‍ സച്ചി തന്റെ ശക്തമായ നായകവേഷങ്ങളിലൊന്ന് സുരാജിനെ ഏല്‍പ്പിച്ചു. അപ്പുറത്ത് കട്ടയ്ക്ക് നില്‍ക്കുന്നത് പൃഥ്വിരാജിനെ പോലെ ഒരു വലിയ താരമായിട്ടും പെര്‍ഫോമന്‍സിന്റെ പെര്‍ഫക്‌ഷനില്‍ സുരാജ് കയ്യടി നേടി. ‘ജനഗണമന’യിലും അതു തന്നെയായിരുന്നു സ്ഥിതി. സുരാജിന്റെ കൈകളില്‍ ആ വേഷം ഭദ്രമായിരിക്കുമെന്ന് ആദ്യം അഭിപ്രായപ്പെട്ടത് പൃഥ്വി തന്നെയായിരുന്നും എന്നും പറയപ്പെടുന്നു. ഏതു വേഷവും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പാകത്തില്‍ കരുത്തനായ നടന്‍ എന്ന പ്രതിച്ഛായയിലേക്ക് വളര്‍ന്ന സുരാജിന്റെ കരിയറിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നു ദിലീഷ് പോത്തനെ പോലെ ഒരു സംവിധായകന്‍ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന മാസ്റ്റര്‍ ക്ലാസ് പടത്തിലെ നായകവേഷം അദ്ദേഹത്തെ വിശ്വസിച്ച് ഏല്‍പ്പിച്ചത്.
ഒരേ സമയം മികച്ച നടനായും വിപണനമൂല്യമുളള താരമായും സുരാജ് ചുവടുറപ്പിച്ചു. “ഒടുവിലിറങ്ങിയ പടക്കളം”, അദ്ദേഹത്തിന് വേണ്ടിയെഴുതിയ കഥാപാത്രമാണത്. സിനിമയിലെവിടെയൊക്കെയോ നഷ്ടപെട്ട സുരാജിനെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് പ്രേക്ഷകർ. ഭാവിയിലും ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കാൻ അദ്ദേഹത്തിന് കഴിയട്ടെ. പിറന്നാൾ ആശംസകൾ സുരാജ് ചേട്ടാ! 🎉🎬