
കണ്ണൂര്‍ സ്‌ക്വാഡിൽ മമ്മൂട്ടിക്കൊപ്പമുള്ള ഫൈറ്റ് സീനിലെ അനുഭവം പങ്കുവെച്ച് നടൻ അര്‍ജുന്‍ രാധാകൃഷ്ണന്‍. മമ്മൂട്ടിയെപ്പോലൊരു സീനിയര്‍ നടനെ ചവിട്ടണമെന്ന് പറഞ്ഞപ്പോള്‍ ചെറുതായി പേടിച്ചെന്നും എന്നാല്‍ മമ്മൂട്ടി തന്നെ കൂളാക്കി നിര്‍ത്തിയെന്നും അർജുൻ പറഞ്ഞു. ക്ലബ്ബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘കണ്ണൂര്‍ സ്‌ക്വാഡ് വലിയൊരു എക്‌സ്പീരിയന്‍സായിരുന്നു. ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് ചെയ്തപ്പോള്‍ ഞാന്‍ വല്ലാതെ നെര്‍വസ്സായിരുന്നു. കാരണം, മമ്മൂക്കയെപ്പോലൊരു വലിയ നടനുമായിട്ടാണ് ഫൈറ്റ്. മമ്മൂക്കയെ ചവിട്ടേണ്ടി വരുമെന്നറിഞ്ഞപ്പോള്‍ ചെറുതായിട്ട് പേടിച്ചു. കാരണം, എന്നെപ്പോലെ പുതിയൊരു നടന്‍ അദ്ദേഹത്ത എങ്ങനെ ചവിട്ടുമെന്നായിരുന്നു ആലോചന. എന്റെ അവസ്ഥ മനസിലാക്കി മമ്മൂക്ക അടുത്ത് വന്ന് എന്നോട് കുറച്ച് നേരം സംസാരിച്ചു. ‘ഇറ്റ്‌സ് ഓക്കേ, ചവിട്ടിക്കോ’ എന്ന് പറഞ്ഞു. എന്നെ പരമാവധി കംഫര്‍ട്ടാക്കി. പക്ഷേ, എത്ര തന്നെ കംഫര്‍ട്ടാക്കിയാലും സീനിന്റെ സമയത്ത് ഒരു പേടി വരുമല്ലോ. ആ പേടിയില്‍ തന്നെയാണ് ഫൈറ്റ് ചെയ്തത്. പുതിയ പയ്യനായതുകൊണ്ട് മമ്മൂക്കയും എന്നോട് സൂക്ഷിച്ചാണ് പെരുമാറിയത്,’ അര്‍ജുന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
2017ല്‍ കാസര്‍ഗോഡ് നടന്ന സംഭവത്തെ അടിസ്ഥാനമാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. സിനിമയിൽ വില്ലൻ വേഷം ചെയ്തിരുന്നത് അര്‍ജുന്‍ രാധാകൃഷ്ണന്‍ ആണ്. റോക്കറ്റ് ബോയ്‌സ് എന്ന സീരീസില്‍ അബ്ദുള്‍ കലാമിനെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍. ഡിയര്‍ ഫ്രണ്ട്, ഉള്ളൊഴുക്ക്, ഐഡന്റിറ്റി എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.