
ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ജാഫർ ഇടുക്കി. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുന്ന ഓഡിയോ സന്ദേശം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. “ഈ സിനിമയിൽ അഭിനയിച്ചത് കൊണ്ട് തന്നെ ആരും വീട്ടിൽ കയറ്റാതെ ഇരുന്നിട്ടില്ല എന്നും, ലിജോ ജോസ് പെല്ലിശേരി തന്ന പൈസ കൊണ്ട് തൻ വീട്ടിലേക്ക് അരി വാങ്ങിയിട്ടുണ്ട്” എന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. കൂടാതെ “വേണെങ്കിൽ അഭിനയിച്ചാൽ മതി ചേട്ടൻ്റെ ഇഷ്ടം”എന്ന് ലിജോ ജോസ് പെല്ലിശേരി പറഞ്ഞിരുന്നുവെന്നും താരം കൂട്ടി ചേർത്തു.
ഞാൻ ഒരു സാധാരണക്കാരനാണ്. ഇതൊക്കെ വലിയ ആളുകളുടെ പ്രശ്‌നമാണ്. ഈ സിനിമയിൽ അഭിനയിച്ചത് കൊണ്ട് എന്നെ വീട്ടിൽ കയറ്റാതെ ഇരിക്കുകയോ, ഭാര്യയും മക്കളും മിണ്ടാതെ ഇരിക്കുകയോ ചെയ്തിട്ടില്ല. പിന്നെ ഇതൊക്കെ “തെറി” എന്നൊക്കെ പറയുന്നത് ആരാണെന്ന് എനിക്കറിയില്ല. ആരൊക്കയോ ഇത് തെറിയാണെന്ന് മുമ്പ് എഴുതി വെച്ചത് കൊണ്ട് ഇതൊക്കെ തെറിയാണെന്ന് നമ്മൾ പറയുന്നു. മറ്റു സ്ഥലങ്ങളിലൊക്കെ ഇതിനു വേറെ നല്ല അർത്ഥങ്ങളൊക്കെ ആയിരിക്കും. ചെറിയ കുഞ്ഞുങ്ങൾ മുതൽ വലിയ ആളുകൾ വരെ കണ്ട സിനിമയാണ് ഇതൊന്നും അത്ര കാര്യമാക്കേണ്ട കാര്യമില്ല. ചുരുളിയെക്കാൾ വലിയ തെറികൾ അഞ്ചിലും ആറിലും ഒക്കെ പഠിക്കുന്ന കുട്ടികൾ പറയും. യൂട്യൂബ് എടുത്ത് നോക്കിയാൽ മതി. ജാഫർ ഇടുക്കി പറഞ്ഞു.
മൂന്നാം ലോക മഹായുദ്ധം പൊട്ടി പുറപ്പെടാൻ നിൽക്കുമ്പോഴാണ് ഇത്രയും ചീഞ്ഞ കാര്യങ്ങളൊക്കെ എടുത്ത് ചർച്ചയാകുന്നത്. എത്ര മനുഷ്യരാണ് നമ്മുടെ ലോകത്ത് പട്ടിണി കിടക്കുന്നത്. നമ്മളൊക്കെ സുഗിച്ച് ജീവിക്കുന്നതിന്റെ കുഴപ്പമാണ്. അഭിനയിക്കാൻ ചെന്നപ്പോഴേ ലിജോ ജോസ് പറഞ്ഞായിരുന്നു ചേട്ടന് ബുദ്ധിമുട്ടില്ലെങ്കിൽ അഭിനയിച്ചാൽ മതിയെന്ന്. ഞാൻ അഭിനിയച്ചു, പ്രതിഫലം വാങ്ങി, അത് കൊണ്ട് വീട്ടിലേക്ക് അരി വാങ്ങുകയും ചെയ്തു. ജാഫർ ഇടുക്കി കൂട്ടി ചേർത്തു.
ചുരുളി സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ജോജു ജോർജ് സംവിധായകൻ ലിജോ ജോസ് പില്ലശ്ശേരിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ തൊട്ടു പിന്നാലെ തന്നെ ജോജുവിന് നൽകിയ ശമ്പളത്തിന്റെ വിവരങ്ങളടങ്ങുന്ന രേഖകൾ അടക്കം പോസ്റ്റ് ചെയ്ത് ആരോപണത്തെ എതിർത്തിരുന്നു. തുടർന്ന് ജോജു ജോർജ് മാധ്യമങ്ങളെ കാണുകയും കടലാസല്ല എഗ്രിമെന്റ് പുറത്തുവിടണമെന്ന് പറയുകയും ചെയ്തു. പ്രശനം വിവാദങ്ങളായി ചൂട് പിടിച്ചു നിൽക്കുമ്പോഴാണ് ജാഫർ ഇടുക്കി പ്രതികരണം അറിയിക്കുന്നത്. നടൻ വിനയ് ഫോർട്ടും ലിജോ ജോസിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.