‘അമ്മ’യുടെ ഭരണസമിതിയിലേക്ക് മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് ; പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹന്‍ലാല്‍

','

' ); } ?>

മലയാളത്തിലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിലേക്ക് മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തും. ഇന്നലെ നടന്ന 31 മത് ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. അതുവരെ നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി തുടരും.

ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖ് ഉൾപ്പെടെ നേതൃപദവിയിലുള്ള ചിലർക്കെതിരേ പീഡന ആരോപണം ഉയർന്നതിനെ തുടർന്നാണ് ‘അമ്മ’യുടെ ഭരണസമിതി പിരിച്ചുവിട്ടത്. അന്ന് മുതൽ അഡ്‌ഹോക് കമ്മിറ്റിയാണ് ഭരണം നിർവഹിക്കുന്നത്. പ്രസിഡന്റ്പദവിയിൽ അല്ലെങ്കിലും മോഹൻലാൽ കമ്മിറ്റി അംഗമായി തുടർന്നിരുന്നു.

നേരത്തേ മോഹന്‍ലാല്‍ സംഘടനയുടെ തലപ്പത്തേക്ക് തിരികെയെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു . വോട്ടെടുപ്പ് ഒഴിവാക്കി മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റാവണമെന്ന് അഡ്‌ഹോക്ക് കമ്മിറ്റി ആവശ്യപ്പെടുമെന്നായിരുന്നു വിവരം. നിലവിലെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാക്കാനും തീരുമാനമുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയതായാണ് അറിയുന്നത്. അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ലാല്‍ വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്.