‘കാന്താര- ചാപ്റ്റർ 1’ ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞ് അപകടം; ഋഷഭ് ഷെട്ടി ഉൾപ്പെടെ 30-ലേറെ പേർ പരിക്കുകളില്ലാതെ രക്ഷപെട്ടു

','

' ); } ?>

കന്നഡ നടൻ ഋഷഭ് ഷെട്ടി ഉൾപ്പെടെ 30-ലേറെ പേർ സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടു. റിഷബ് ഷെട്ടി നായകനായി ഷൂട്ടിങ് പുരോഗമിക്കുന്ന ‘കാന്താര- ചാപ്റ്റർ 1’ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് സംഭവം. ആർക്കും അപകടം ഒന്നും ഇല്ലെങ്കിലും തലനാരിയഴ്ക്കാണ് വന്‍ അപകടത്തില്‍ നിന്ന് സംഘം രക്ഷപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ചിത്രീകരണത്തിനുപയോ​ഗിക്കുന്ന ക്യാമറയുൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കർണാടകയിലെ ശിവമോഗ ജില്ലയിലെ മണി റിസർവോയറിലാണ് അപകടം നടന്നത് . ഋഷഭ് ഷെട്ടിയും സിനിമാ പ്രവർത്തകരും സഞ്ചരിച്ചിരുന്ന ബോട്ട് റിസർവോയറിൽ മറിയുകയായിരുന്നു. ഇവിടം ആഴം കുറവയത് കൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. അപകടം നടന്നതിന് തൊട്ടുപിന്നാലെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ബോട്ട് മറിയാനുണ്ടായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘ബോട്ട് മറിഞ്ഞപ്പോൾ എല്ലാവരും പരിഭ്രാന്തരായി, എന്നാൽ വെള്ളത്തിന് ആഴം കുറവായിരുന്നതിനാൽ തങ്ങൾക്ക് സുരക്ഷിതമായി കരയിലെത്താൻ കഴിഞ്ഞുവെന്നാണ് ‘ സിനിമാ പ്രവർത്തകരിൽ ഒരാൾ വാർത്താ ഏജൻസിയായ പിടിഐക്ക് മൊഴി നൽകിയത്.

തുടര്‍ച്ചയായി അപകടങ്ങള്‍ കൊണ്ട് കാന്തര ചാപ്റ്റര്‍ 1 ന്‍റെ ചിത്രീകരണം നേരത്തെയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഭാഗമായിരുന്ന മലയാളി മിമിക്രി കലാകാരൻ നിജു വി കെ അന്തരിച്ചത്. തൃശൂർ സ്വദേശിയാണ് ഇദ്ദേഹം. കാന്താര ഫിലിം ഷൂട്ടിങ്ങിന്റെ ഭാഗമായി അഗുംബെയ്‌ക്ക് സമീപമുള്ള ഒരു ഹോംസ്റ്റേയിൽ താമസിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി നിജുവിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഉടൻ തന്നെ തീർത്ഥഹള്ളി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പോകും വഴി മരണം സംഭവിക്കുകയായിരുന്നു.

മുന്നാമത്തെ വ്യക്തിയാണ് കാന്താര സിനിമയുടെ ചിത്രീകരണത്തിനിടെ മരണപ്പെടുന്നത് . നേരത്തെ ചിത്രത്തില്‍ ജൂനിയർ ആർട്ടിസ്റ്റായ കോട്ടയം സ്വദേശിയായ എം എഫ് കപിൽ മരിച്ചിരുന്നു. ഒരു സംഘത്തോടൊപ്പം കൊല്ലൂരിലെ സൗപർണിക നദിയിൽ നീന്താൻ പോയ ഇദ്ദേഹം വെള്ളത്തിന്റെ ആഴം അറിയാതെ നദിയിൽ ഇറങ്ങിയപ്പോഴായിരുന്നു മരണം സംഭവിച്ചത്. ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്തിരുന്ന നടൻ രാകേഷ് പൂജാരിയും ഇതിനിടെ മരിച്ചു. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കുമ്പോൾ നൃത്തം ചെയ്യുന്നതിനിടയിൽ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഈ മരണത്തിന്റെ കാരണവും ഹൃദയാഘാതമായിരുന്നു. നേരത്തെ ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളിന്റെ തുടക്കത്തിൽ, ജൂനിയർ ആർട്ടിസ്റ്റുകളെ കൊണ്ടുപോകുന്ന ഒരു ബസ് കൊല്ലൂരിൽ വെച്ച് അപകടത്തില്‍ പെട്ടിരുന്നു.