
മോഹൻലാലുമായി ചെയ്യാനിരുന്ന ചിത്രം ഉപേക്ഷിച്ചുവെന്ന് തുറന്നു പറഞ്ഞ് സംവിധായകനും തിരക്കഥാകൃത്തുമായ വിപിന്‍ ദാസ്. ചിത്രത്തിന്റെ കഥ മോഹൻലാലിന് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് തീരുമാനം ഉപേക്ഷിച്ചതെന്നും വിപിന്‍ ദാസ് വ്യക്തമാക്കി. വിപിൻദാസ് നിര്‍മാണത്തില്‍ പങ്കാളിയായ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന് മുന്നോടിയായി ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തിലാണ് വിപിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് മറുപടി പറയുകയായിരുന്നു വിപിന്‍.
‘വാഴ 2 ഷൂട്ട് നടക്കുന്നു. ഏതാണ്ട് 40 ശതമാനത്തോളം ഷൂട്ടിങ് കഴിഞ്ഞു. സന്തോഷ് ട്രോഫി സെപ്റ്റംബറില്‍ തുടങ്ങും. ബാക്കിയെല്ലാം അഭ്യൂഹങ്ങളാണ്’, എന്നായിരുന്നു വിപിന്റെ വാക്കുകള്‍. ‘ലാല്‍ സാറിന്റെ അടുത്തൊരു കഥ പറഞ്ഞിരുന്നു. അത് ഉപേക്ഷിച്ചു. ഫഹദ് ഫാസില്‍- എസ്.ജെ. സൂര്യ പടവും ഉപേക്ഷിച്ചു. ഡേറ്റ്, ബജറ്റ് പ്രശ്നങ്ങളെത്തുടര്‍ന്നാണ് ഫഹദ്- എസ്.ജെ. സൂര്യ ചിത്രം ഉപേക്ഷിച്ചത്. ലാല്‍ സാറിന്റേത്, കഥ അദ്ദേഹത്തിന് അത്രയും ഇഷ്ടപ്പെട്ടില്ല’, വിപിന്‍ കൂട്ടിച്ചേര്‍ത്തു. ഫഹദിനും എസ്ജെ സൂര്യയ്ക്കും പകരം മറ്റു രണ്ടുപേരെ പ്രധാനകഥാപാത്രങ്ങളാക്കി ചിത്രമെത്തുമെന്ന് വിപിന്‍ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
വിപിന്റെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനംചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അണിയറയിലുണ്ടെന്ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. ‘ഗുരുവായൂര്‍ അമ്പലനടയി’ലിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി വിപിന്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് ‘സന്തോഷ് ട്രോഫി’. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ‘വാഴ’യുടെ തിരക്കഥയൊരുക്കിയത് വിപിന്‍ ദാസ് ആയിരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ‘വാഴ 2- ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’. ‘ഗുരുവായൂര്‍ അമ്പലനടയിലി’ന് പുറമേ ‘ജയ ജയ ജയ ജയ ഹേ’, ‘അന്താക്ഷരി’, ‘മുദ്ദുഗൗ’ എന്നീ ചിത്രങ്ങളും വിപിന്‍ ദാസ് സംവിധാനംചെയ്തിട്ടുണ്ട്.