‘കണ്ണപ്പ’യുടെ ഹാർഡ് ഡിസ്ക് മോഷണം പോയതിനു പിന്നിൽ സഹോദരൻ മനോജ് മഞ്ചുവിന് പങ്കുണ്ട്; വിഷ്ണു മഞ്ചു

','

' ); } ?>

മോഹൻലാൽ കാമിയോ വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രം ‘കണ്ണപ്പ’യുടെ സുപ്രധാന സീനുകൾ അടങ്ങിയ ഹാർഡ് ഡിസ്ക് മോഷണം പോയതിനു പിന്നിൽ തന്‍റെ സഹോദരനും നടനുമായ മനോജ് മഞ്ചുവിന് പങ്കുണ്ടെന്ന് ആരോപിച്ച് വിഷ്ണു മഞ്ചു. വിഷ്ണു മഞ്ചുവാണ് ചിത്രത്തിലെ നായക കഥാപാത്രം കൈകാര്യം ചെയ്യുന്നത്.

തന്റെ കുടുംബപ്രശ്നങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിക്കരുതെന്ന് വിഷ്ണു മാധ്യമങ്ങളോട് അഭ്യർഥിച്ചു. എല്ലാ കുടുംബങ്ങളിലും പ്രശ്നങ്ങളുണ്ടെന്നും അതിനാൽ ഇത്തരം പരിപാടിയിൽ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹാർഡ് ഡിസ്ക് മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്ന രഘുവും ചരിതയും മനോജിനുവേണ്ടി ജോലി ചെയ്യുന്നവരാണെന്ന് വിഷ്ണു അവകാശപ്പെട്ടു. വെള്ളിയാഴ്ച ചെന്നൈയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് ആഴ്ച മുമ്പാണ് സംഭവം നടന്നതെന്നും എന്നാൽ മനോജിനെയും കൂട്ടാളികളെയും പലതവണ ബന്ധപ്പെടാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ, ഹൈദരാബാദ്, മുംബൈ, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിലെ ഓഫിസുകളിലാണ് വി.എഫ്.എക്സ് ജോലികൾ നടക്കുന്നതെന്നും മുംബൈയിൽ നിന്ന് വി.എഫ്.എക്സുമായി ബന്ധപ്പെട്ട ഹാർഡ് ഡിസ്ക് അയച്ചപ്പോൾ, അത് തന്റെ പിതാവ് മോഹൻ ബാബുവിന്റെ ഫിലിം നഗറിലെ വസതിയിൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു. അതൊരു പതിവ് രീതിയാണെന്നും മൂന്ന് സഹോദരങ്ങളുടെയും എല്ലാ പാക്കേജുകളും അവിടെ എത്തുകയും മാനേജർമാർ അത് ശേഖരിക്കുകയുമാണ് പതിവെന്ന് വിഷ്ണു വ്യക്തമാക്കി. അതുപോലെ തന്നെ ഹാർഡ് ഡിസ്ക് പിതാവിന്‍റെ വസതിയിൽ എത്തി. അത് രഘുവിനും ചരിതക്കും കൈമാറി, അന്നുമുതൽ അവ കാണാനില്ല എന്ന് അദ്ദേഹം വിശദീകരിച്ചു.

മനോജിനുവേണ്ടിയാണ് അവർ ഇരുവരും ജോലി ചെയ്തിരുന്നതെന്ന് വിഷ്ണു ആരോപിച്ചു. ‘സുഹൃത്തുക്കൾ വഴി മനോജിനെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷേ ഫലമുണ്ടായില്ല. അവർ അത് മോഷ്ടിച്ചതാണോ അതോ ആരുടെയെങ്കിലും കൽപ്പനകൾ പാലിച്ചതാണോ എന്ന് അറിയില്ലെന്നും ഹാർഡ് ഡിസ്ക് പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. 99 ശതമാനം കേസുകളിലും പാസ്‌വേഡ് തകർക്കാൻ കഴിയില്ല. അവർക്ക് ദൃശ്യങ്ങൾ ചോർത്താൻ കഴിഞ്ഞാലും, ചോർന്ന ദൃശ്യങ്ങൾ കാണരുതെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നതായി വിഷ്ണു പറഞ്ഞു. സിനിമയ്ക്കായി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.