
സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം നേരിട്ട് ദീപിക പദുകോൺ. പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക ഒരുക്കുന്ന ചിത്രത്തിലെ കഥ ബോളിവുഡ് സിനിമ സൈറ്റുകളിൽ പി ആർ വർക്കർമാർ ഉപയോഗിച്ച് ദീപിക പ്രചരിപ്പിച്ചുവെന്ന സന്ദീപ് റെഡ്ഡിയുടെ ആരോപണത്തിന് പിന്നാലെയാണ് സൈബർ ആക്രമണം. ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചിരുന്നത് ദീപികയെയായിരുന്നു.എന്നാൽ താരത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയാത്ത കൊണ്ട് സംവിധായകൻ തന്നെ മറ്റൊരു നായികയെ കണ്ടെത്തുകയായിരുന്നു.
നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളുടെ കമന്റ് സെക്ഷൻ സന്ദീപ് റെഡ്ഡി വാങ്ക ആരാധകരും പ്രഭാസ് ഫാൻസും കയ്യടക്കിയിരിക്കുകയാണ്. ‘നിങ്ങളുടെ പിആർ ഗെയിം എല്ലാം വാങ്ക പൊളിച്ചു’, ‘കഴിഞ്ഞ 4 – 5 വർഷങ്ങളായി 10 എക്സ്പ്രെഷൻ വച്ചാണ് ദീപിക ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കുന്നത്. സ്ക്രിപ്റ്റ് ലീക്ക് ചെയ്യുന്നതിന് മുൻപ് പോയി അഭിനയം പഠിക്ക്’ എന്നാണ് കമന്റുകൾ. ജയ് പ്രഭാസ് എന്ന കമന്റുകളുമായി പ്രഭാസ് ആരാധകരും കമന്റ് ചെയ്യുന്നുണ്ട്. ‘നയൻതാരയും അനുഷ്ക ഷെട്ടിയും നിങ്ങളെക്കാൾ നന്നായി അഭിനയിക്കും. അവരാണ് യഥാർത്ഥ ലേഡി സൂപ്പർസ്റ്റാർ’, എന്നും ഒരു പ്രേക്ഷന് കമന്റ് ചെയ്തിട്ടുണ്ട്.
അതേസമയം ദീപികയെ അനുകൂലിച്ചും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. സന്ദീപ് റെഡ്ഡി വാങ്കയുടെ സിനിമകളിലെ സ്ത്രീ വിരുദ്ധത അയാൾ യഥാർത്ഥ ജീവിതത്തിലും പ്രയോഗിക്കുന്നു എന്നും ദീപികയെ തളർത്താൻ ആർക്കുമാകില്ലെന്നും കമന്റുകൾ ഉയരുന്നുണ്ട്. ഇന്നലെയാണ് ദീപികയെ വിമർശിച്ചുകൊണ്ട് പോസ്റ്റുമായി സന്ദീപ് റെഡ്ഡി വാങ്ക എത്തിയത്. ‘ഒരു ആർട്ടിസ്റ്റിനോട് കഥ പറയുമ്പോൾ അവരും സംവിധായകനും തമ്മിൽ കഥ വെളിപ്പെടുത്തരുതെന്ന കരാർ ഉണ്ടാകാറുണ്ട്. ഇത് ലംഘിച്ചതിലൂടെ അവർ എത്തരത്തിലുള്ള ആളാണെന്ന് മനസിലാക്കുകയാണ്. കഥ ലീക്കാകുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് എന്നും ഇതാണോ ഫെമിനിസം എന്നും സന്ദീപ് പോസ്റ്റിലൂടെ ചോദിക്കുന്നു. ഈ കഥ തന്റെ ഒരുപാട് വർഷത്തെ കഠിനാധ്വാനമാണെന്നും സിനിമയാണ് തന്റെ എല്ലാമെന്നും സന്ദീപ് പറയുന്നു. അത് നിങ്ങൾക്ക് മനസിലായില്ലെന്നും ഇനി ഒരിക്കലും മനസിലാകില്ലെന്നും പറഞ്ഞാണ് സംവിധായകൻ പോസ്റ്റ് അവസാനിപ്പിച്ചത്.
അതേസമയം, ദീപിക പദുക്കോണ്‍ പ്രതിഫലവും ജോലി സമയവുമായി ബന്ധപ്പെട്ട് ചില ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ഇത് അംഗീകരിക്കാനാവില്ലെന്ന് സ്പിരിറ്റ് ടീം അറിയിക്കുകയും ചെയ്തുവെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ദിവസത്തില്‍ ആറ് മണിക്കൂര്‍ മാത്രം ഷൂട്ടിങ്, 20 കോടി പ്രതിഫലവും അതിന് പുറമെ സിനിമയുടെ ലാഭവിഹിതവും ദീപിക ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ താന്‍ തെലുങ്കില്‍ ഡയലോഗുകള്‍ പറയില്ല എന്നും നടി പറഞ്ഞതായും ഈ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന് തന്നെയാണ് അവരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.