
‘ഹേരാ ഫേരി’ യുടെ മൂന്നാം ഭാഗത്തിൽ താൻ ഉണ്ടാകില്ലെന്ന് സ്ഥിതീകരിച്ച് പരേഷ് റാവല്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ സുനില്‍ ഷെട്ടി, ‘ഹേരാ ഫേരി 3’-ല്‍ പരേഷ് റാവല്‍ ഉണ്ടാവില്ലെന്ന സൂചന നല്‍കിയിരുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമായുള്ള കലാപരമായ ഭിന്നതകളെത്തുടര്‍ന്നാണ് പരേഷ് റാവല്‍ പിന്മാറുന്നതെന്നായിരുന്നു സുനില്‍ ഷെട്ടി പറഞ്ഞിരുന്നത്. മൂന്നാംഭാഗത്തില്‍ ഉണ്ടാവില്ലെന്ന സുനില്‍ ഷെട്ടിയുടെ വാക്കുകള്‍ ശരിവെച്ച പരേഷ് റാവല്‍ പക്ഷേ, ‘ഹേരാ ഫേരി 3′ ടീമുമായി അഭിപ്രായഭിന്നതകളുണ്ടെന്ന പ്രചാരണം തള്ളി കളഞ്ഞിട്ടുണ്ട്.
”ഹേരാ ഫേരി 3′-ല്‍നിന്ന് വിട്ടുനില്‍ക്കാനുള്ള എന്റെ തീരുമാനം കലാപരമായ ഭിന്നതകളെത്തുടര്‍ന്നല്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. സംവിധായകനുമായി യാതൊരു സൃഷ്ടിപരമായ അഭിപ്രായവ്യത്യാസങ്ങളുമില്ലെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. സംവിധായകനായ പ്രിയദര്‍ശനോട് എനിക്ക് അതിയായ സ്‌നേഹവും ബഹുമാനവും വിശ്വാസവുമുണ്ട്’, പരേഷ് റാവല്‍ കുറിച്ചു.
ഹിന്ദി സിനിമയിലെതന്നെ കോമഡി ജോണറില്‍ അതിശയിപ്പിക്കുന്ന പ്രകടനം എന്നാണ് ‘ഹേരാ ഫേരി’യിലെ പരേഷ് റാവലിന്റെ അഭിനയത്തെ സുനില്‍ ഷെട്ടി വിശേഷിപ്പിക്കുന്നത്.മൂന്നാംഭാഗത്തില്‍ പരേഷ് റാവലിന്റെ അസാന്നിധ്യം വലിയ നഷ്ടമായിരിക്കുമെന്നാണ് സിനിമാ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. മൂന്നാംഭാഗത്തില്‍ അഭിഷേക് ബച്ചനും ജോണ്‍ അബ്രഹാമും എത്തിയെക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കാര്‍ത്തിക് ആര്യന്റെ പേരും ചിത്രവുമായി ബന്ധപ്പെടുത്തി കേട്ടിരുന്നു.
സിദ്ധിഖ്- ലാലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളച്ചിത്രം ‘റാംജിറാവു സ്പീക്കിങ്ങി’ന്റെ ഹിന്ദി റീമേക്കായിരുന്നു 2000-ല്‍ പുറത്തിറങ്ങിയ ‘ഹേരാ ഫേരി’. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശനായിരുന്നു ചിത്രം ബോളിവുഡില്‍ പുറത്തിറക്കിയത്. അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, പരേഷ് റാവല്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായ ചിത്രത്തിന്റെ രണ്ടാംഭാഗം 2006-ല്‍ പുറത്തിറങ്ങി. ചിത്രത്തിന് മൂന്നാംഭാഗമുണ്ടാവുമെന്ന് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചിരുന്നു.