മലയാള സിനിമയിൽ ആർട്ട്-വാണിജ്യ അതിർത്തി വളരെ നേർത്തത്: മോഹൻലാൽ

','

' ); } ?>

മലയാളത്തിൽ ആർട്ട് സിനിമയും വാണിജ്യ സിനിമയും തമ്മിലുള്ള അതിർത്തി വളരെ നേർത്തതാണെന്ന് നടൻ മോഹൻലാൽ. കേന്ദ്രസർക്കാരിന്റെ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ (വേവ്‌സ്) സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലെജൻഡ്‌സ് ആൻഡ് ലെഗസീസ്: ദി സ്റ്റോറീസ് ദാറ്റ് ഷേപ്പ്ഡ് ഇന്ത്യാസ് സോൾ’ എന്ന സെഷനിൽ മോഡറേറ്ററായ അക്ഷയ് കുമാറിന്റെ ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു മോഹൻലാൽ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. പ്രഗൽഭരായ നിരവധി സംവിധായകരുമായി പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും, അന്ന് ആർട്ട് സിനിമകളായി വിശേഷിപ്പിച്ച ചിത്രങ്ങൾക്കും വിനോദമൂല്യമുണ്ടായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. അതുപോലെ തന്നെ, വാണിജ്യസിനിമകളായി കരുതപ്പെട്ടവയിൽ കലാമൂല്യങ്ങളുമുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഉള്ളടക്കത്തിന്റെ ആഴത്തിലും വൈവിധ്യത്തിലും മലയാളസിനിമ സമ്പന്നമാണെന്നും, പുതുതലമുറയിലെ സംവിധായകരുടെ വരവോടെ ഈ സാന്ദ്രത കൂടുതൽ ശക്തമായെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. അരവിന്ദൻ, പത്മരാജൻ, ഭരതൻ എന്നിവർക്ക് പുറമെ പ്രിയദർശനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതും ഭാഗ്യമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംവാദത്തിൽ അക്ഷയ് കുമാർ മലയാളസിനിമയെ ഇന്ത്യൻ സിനിമയുടെ ബൗദ്ധിക ആത്മാവെന്ന് വിശേഷിപ്പിച്ചു. തെലുഗു നടൻ ചിരഞ്ജീവിയും നടിയും എംപിയുമായ ഹേമ മാലിനിയും പരിപാടിയിൽ പങ്കെടുത്തു. തകർക്കാനാവാത്ത അഭിനിവേശവും മികവിനുള്ള അന്വേഷണവുമാണ് തങ്ങളെ ഈ നിലയിലേക്കെത്തിച്ചതെന്ന് ചിരഞ്ജീവിയും ഹേമമാലിനിയും പറഞ്ഞു.

മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രം ‘തുടരും’ ഇപ്പോഴും മികച്ച പ്രതികരണങ്ങളോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ദിവസങ്ങൾക്കുള്ളിലാണ് നൂറു കോടി ക്ലബ്ബിൽ കയറിയത്. രു മാസത്തിനുള്ളിൽ 100 കോടി ക്ലബിൽ ഇടം നേടുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രം കൂടിയാണിത്. നേരത്തെ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രവും 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. പുലിമുരുകൻ, ലൂസിഫർ, എന്നീ മോഹൻലാൽ ചിത്രങ്ങളും 100 കോടി ക്ലബിൽ കയറിയിരുന്നു. ഇതോടെ നാല് 100 കോടി സിനിമകൾ സ്വന്തമായുള്ള ഏക മലയാളം നായകനുമായി മാറിയിരിക്കുകയാണ് മോഹൻലാൽ.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.