
മലയാള സിനിമയിലെ പ്രശസ്ത നിർമ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍ നടത്തിയ പരോക്ഷ വിമർശനം ചലച്ചിത്രമേഖലയിലും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചക്ക് ഇടയാക്കിയിരിക്കുകയാണ്. ദിലീപ് നായകനാകുന്ന പുതിയ ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ ടീസര്‍ ലോഞ്ച് വേദിയിലായിരുന്നു വിവാദ പ്രസ്താവന.
“ഒരു പ്രമുഖ നടന്‍ വലിയൊരു തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കം തീര്‍ക്കാനാണ് ആ തിരി. അതു വീണ്ടും ആവര്‍ത്തിക്കരുത്,” എന്നായിരുന്നു ലിസ്റ്റിന്റെ സൂചനയുള്ള താക്കീതുള്ള പ്രസ്താവന. “ഞാന്‍ പറഞ്ഞത് ആ നടന്‍ മനസിലാക്കും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട പരാമര്‍ശമാണോ എന്നതാണ് സോഷ്യല്‍ മീഡിയയിലെ ചർച്ച. എന്നാല്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രം ബേബി ഗേളുമായുള്ള പ്രശ്‌നമാണ് അതിന് പിന്നിലെന്ന് ഇപ്പോള്‍ സൂചനകള്‍ പുറത്ത് വരുന്നുണ്ട്. ചിത്രത്തിലെ പ്രധാന അഭിനേതാവായ താരം, ഷൂട്ടിങ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് മറ്റൊരു സിനിമയില്‍ ലിസ്റ്റിന്‍റെ അനുമതിയില്ലാതെ അഭിനയിച്ചത് നിര്‍മ്മാതാവിനെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
കൂടാതെ, രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കാന്‍ നടന്‍ ഒരു കോടി രൂപയുടെ അഡ്വാന്‍സ് കൈപ്പറ്റിയതായും ആരോപണമുണ്ട്. ഒരാഴ്ചത്തെ അവധി ആവശ്യപ്പെട്ട് വിട്ടുപോയതാണെന്നും നടനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സാമ്പത്തികമായി ഉണ്ടാകുന്ന വെല്ലുവിളികളെ മറികടക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് വ്യാഖ്യാനം.
പ്രിന്‍സ് ആന്‍ഡ് ഫാമിലി ദിലീപിന്‍റെ 150-ാമത് സിനിമയും മാജിക് ഫ്രെയിംസിന്റെ 30-ാമത് ചിത്രവുമാണ്. ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മെയ് 9ന് തിയറ്ററുകളില്‍ എത്തും.