‘ഈ വർഷം രണ്ട് ഉഗ്രൻ മലയാള സിനിമയാണ് ചെയ്യാൻ പോകുന്നത്; ജയറാം

','

' ); } ?>

‘അബ്രഹാം ഓസ്‍ല’റിനു ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ജയറാം. ഈ വർഷം തന്റെ രണ്ട് മലയാള ചിത്രങ്ങൾ എത്തുമെന്നാണ് ജയറാം പറയുന്നത്. റെട്രോ സിനിമയുടെ പ്രസ് മീറ്റിലാണ് നടന്റെ പ്രതികരണം.’ഈ വർഷം രണ്ട് ഉഗ്രൻ മലയാള സിനിമയാണ് ചെയ്യാൻ പോകുന്നത്. ഏതൊക്കെയാണെന്ന് ഇപ്പോൾ പറയില്ല. സസ്പെൻസ് ആണ്. സിനിമകളുടെ ചിത്രീകരണം തുടങ്ങാൻ പോകുന്നതേയുള്ളൂ,’ ജയറാം പറഞ്ഞു. സിനിമയുടെ മറ്റു വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ജയറാം. കഴിഞ്ഞ കുറച്ച് നാളായി നടൻ മലയാളത്തിൽ സിനിമകൾ ചെയ്യുന്നില്ല. എന്നാൽ തമിഴിലും മറ്റു ഭാഷാ ചിത്രങ്ങളിലും നടൻ സജീവമാണ്. കഴിഞ്ഞ വർഷം ആദ്യം പുറത്തിയ ‘അബ്രഹാം ഓസ്‍ലർ’ എന്ന സിനിമയ്ക്ക് ശേഷം നടന്റെതായി ഒരു സിനിമയും റിലീസ് ചെയ്തിട്ടില്ല. സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ‘റെട്രോ’ സിനിമയിൽ ജയറാം ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയിൽ മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം, സ്വാസിക, സുജിത് ശങ്കർ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നുണ്ട്. സിനിമയുടെ ട്രെയിലറിന് പുറകെ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന് നേരെ നിരവധി ട്രോളുകളാണ് വന്നിരുന്നത്. അടുത്തിടെ അന്യഭാഷ ചിത്രങ്ങളിലെ പ്രാധാന്യമില്ലാത്ത റോളുകളുടെ പേരില്‍ ജയറാം ഏറെ വിമര്‍ശനത്തിന് വിധേയനായിരുന്നു. എന്നാൽ റെട്രോയിൽ നടന് പ്രാധാന്യമുള്ള കഥാപാത്രമാണെന്ന് സിനിമയുടെ സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മേയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റെട്രോ റിലീസ് ചെയ്യും. സിനിമയുടെ കേരളാ വിതരണാവകാശം നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യൻ നേതൃത്വം നൽകുന്ന വൈക മെറിലാന്‍ഡ് ആണ്. റെക്കോർഡ് തുകയ്ക്കാണ് സിനിമയുടെ വിതരണാവകാശം ഇവർ കരസ്ഥമാക്കിയത്. പൂജാ ഹെഗ്ഡെയാണ് സിനിമയിൽ നായിക. നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയുടെ ഭാഗമാകുന്നത്. സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സന്തോഷ് നാരായണൻ ആണ്.

സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതിനെ തുടർന്നാണ് ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ നിറയാൻ തുടങ്ങിയത്. അന്യഭാഷ ചിത്രങ്ങളിലെ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങൾ ജയറാം തിരഞ്ഞെടുക്കുന്നു എന്ന തരത്തിലും വിമർശനങ്ങൾ ഉയരുന്നുണ്ടായിരുന്നു. എന്നാൽ ജയറാമിന്റെ കഥാപാത്രത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കി സംവിധായകൻ കാർത്തിക് സുബ്ബരാജ് രംഗത് വന്നിരുന്നു. സിനിമ വികടന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അക്കാര്യം തുറന്നുപറഞ്ഞത്.
“ജയറാം സാറിന്‍റെത് വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ്. പിന്നെ ഒരുപാട് ഹ്യൂമറുമുണ്ട്. അദ്ദേഹം ഒരു വലിയ പെർഫോമറാണ്. എന്ത് വേണമെങ്കിലും ചെയ്യാൻ പറ്റും. വില്ലനായും ക്യാരക്ടർ റോളുകളിലും കണ്ടിട്ടുണ്ട്. ഹീറോയായും ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ തെലുങ്കിലും വലിയ പടങ്ങളിൽ വില്ലനായും സപ്പോർട്ടിങ് റോളിലും കാണാം. എന്നാൽ പഞ്ചതന്ത്രത്തിലെ അദ്ദേഹത്തിന്റെ മീറ്ററാണ് എനിക്ക് ഏറ്റവും ഇഷ്ടം,” കാർത്തിക് പറഞ്ഞു.

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന റെട്രോയുടെ അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി ആർ ഓ : പ്രതീഷ് ശേഖർ.