
‘തുടരും’ സിനിമയിൽ അവസരം നൽകിയതിന് സംവിധായകൻ തരുൺ മൂർത്തിക്ക് നന്ദി അറിയിച്ച് എഡിറ്റർ ഷഫീഖ് വി ബി. എഡിറ്റർ നിഷാദ് യൂസഫിന്റെ വിയോഗത്തെ തുടർന്നായിരുന്നു ചിത്രത്തിൽ ഷഫീഖ് വി ബി എത്തിയിരുന്നത്. ചിത്രത്തിന്റെ എഡിറ്റിങ് ഘട്ടത്തിൽ തരുൺ നൽകിയ ഊർജം വളരെ വലുതായിരുന്നുവെന്ന് ഷഫീഖ് പറയുന്നു. ഒരു അനുജനെ പോലെ പല ഘട്ടത്തിലും തന്നെ ചേർത്ത് നിർത്തിയതിന്, തന്റെ 13 വർഷത്തെ കാത്തിരിപ്പ് സഫലമാക്കിയതിന് നന്ദിയുണ്ടെന്നും ഷഫീഖ് വി ബി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
‘ചേട്ടനോട് എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല. ഈ സിനിമയുടെ ഏറ്റവും വലിയൊരു വിഷമഘട്ടത്തിൽ ചേട്ടനെടുത്ത വലിയൊരു തീരുമാനം എനിക്ക് നൽകിയത് എന്റെ 13 വർഷത്തെ കാത്തിരിപ്പിനുള്ള ഉത്തരമാണ്. ജൂനിയർ ആർട്ടിസ്റ്റ് , അസിസ്റ്റന്റ് ഡയറക്ടർ , അസിസ്റ്റന്റ് എഡിറ്റർ, ഓൺലൈൻ എഡിറ്റർ, ഫിലിം എഡിറ്റർ ഇങ്ങനെയുള്ള എന്റെ ജീവിത യാത്രയിൽ, കഴിഞ്ഞ ദീപാവലി അന്ന് വൈകിട്ട് ചേട്ടൻ എനിക്ക് തന്ന അവസരം.
എന്റെ ജീവിതത്തിൽ അത്രയും വലിയൊരു സന്തോഷ നിമിഷം അതിന് മുൻപ് ഉണ്ടായിട്ടില്ല. സിനിമയുടെ എഡിറ്റിങ്ങിന്റെ ഓരോ ഘട്ടത്തിലും ചേട്ടൻ എനിക്ക് നൽകിയ ഊർജം വളരെ വളരെ വലുതായിരുന്നു. ഒരു അനുജനെ പോലെ പല ഘട്ടത്തിലും എന്നെ ചേർത്ത് നിർത്തി ഈ യാത്രയിൽ കൂടെ കൂട്ടിയതിന് എന്നെ വിശ്വസിച്ചതിന് നന്ദി എന്റെ പ്രിയപ്പെട്ട തരുൺ ചേട്ടന്,’ ഷഫീഖ് വി ബി കുറിച്ചു.
തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ‘തുടരും’ തിയേറ്ററിൽ മികച്ച അഭിപ്രായം നേടുകയാണ്. പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച മോഹൻലാൽ എന്ന നടന്റെ പ്രകടനം തിരികെ കിട്ടിയെന്ന സന്തോഷമാണ് ആരാധകർ പങ്കുവെക്കുന്നത്. തിയേറ്ററുകൾ ഹൗസ് ഫുൾ ആകുന്ന കാഴ്ച്ചയാണ്. ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പനയിൽ ഓരോ മണിക്കൂറിലും വലിയ കുതിപ്പാണ്. പല തിയേറ്ററുകളിലും ചിത്രത്തിനായി അഡിഷണൽ ഷോകൾ സംഘടിപ്പിക്കുന്നുണ്ട്. ആദ്യ ദിനം തുടരുമിന് മൂന്ന് കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടാൻ സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. എമ്പുരാൻ സിനിമയുടെ ടിക്കറ്റ് വിൽപ്പനയിലെ റെക്കോർഡുകൾ തുടരും തിരുത്തിയിട്ടുണ്ട്. പ്രദർശനത്തിനെത്തി ആദ്യ മണിക്കൂറുകളിൽ 30K-യിലധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ ചിത്രം വിറ്റഴിച്ചെന്നാണ് റിപ്പോർട്ട്. ഇത് റീലിസിന് ശേഷം എമ്പുരാൻ വിറ്റഴിച്ച ടിക്കറ്റിനേക്കാൾ അധികമാണ്. അതേസമയം, എമ്പുരാന്റെ റെക്കോർഡ് വിജയത്തിന് ശേഷം എത്തുന്ന സിനിമ കൂടിയാണ് തുടരും. അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ ഇതിനകം രണ്ട് കോടിക്ക് മുകളിൽ പ്രീ സെയിൽ നേടിയതായാണ് റിപ്പോർട്ട്. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തിയത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റെ കുറിച്ചുള്ള ചെറിയ അപ്ഡേഷനുകൾ പോലും വലിയ രീതിയിൽ ചർച്ചയാവുകയും അർദ്ധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ചിത്രത്തിൽ ശോഭനയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത ‘മാമ്പഴക്കാല’ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. സിനിമയെക്കുറിച്ചുള്ള ഓരോ ചെറിയ അപ്ഡേഷനുകൾ പോലും വലിയ രീതിയിൽ ചർച്ചയാകാറുണ്ട്. വലിയരീതിയിൽ തന്നെ പ്രേക്ഷകർ പുതിയ വാർത്തകൾ ആഘോഷമാക്കാറുമുണ്ട്. തുടരും സിനിമ ചെയ്യാനുള്ള കോൺഫിഡൻസ് തന്നത് ആന്റണി പെരുമ്പാവൂരിന്റെ വാക്കുകളാണെന്ന് ഈ അടുത്ത തരുൺ മൂർത്തി ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. മോഹൻലാൽ എന്ന നടന് വേണ്ടി സിനിമ ചെയ്യുമ്പോൾ പലരും ഒരു ഭ്രമത്തിൽ സ്വന്തമായി ലോകം ഉണ്ടാക്കി അത് സിനിമയാക്കുമെന്നും എന്നാൽ തരുൺ മോഹൻലാലിന് വേണ്ടി മാറേണ്ട അദ്ദേഹം നിങ്ങൾക്ക് വേണ്ടി മാറുമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞെന്നാണ് തരുൺ വ്യക്തമാക്കുന്നത്.