‘തുടരും’ ആദ്യ പ്രദർശനം കാണാൻ എത്തി നടൻ ഉണ്ണിമുകുന്ദൻ; ഫാൻ ബോയ് മൊമെന്റ്’എന്ന് ആരാധകർ

','

' ); } ?>

മോഹൻലാൽ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ‘തുടരും’ ആദ്യ പ്രദർശനം കാണാൻ എത്തി നടൻ ഉണ്ണിമുകുന്ദൻ. ഇന്ന് പകൽ 10 മണിക്കാണ് സിനിമയുടെ ആദ്യ ഷോകൾ ആരംഭിച്ചത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്.

തുടരും പ്രദർശിപ്പിക്കുന്ന തിയേറ്ററിന് മുന്നിൽ ആരാധകർക്കൊപ്പം സെൽഫി എടുക്കുന്ന നടന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. പല മോഹൻലാൽ ആരാധകരും ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. ‘ഇതാ ഒരു മോഹൻലാൽ ഫാൻ ബോയ് മൊമെന്റ്’ എന്ന ക്യാപ്‌ഷനോടെയാണ് ഒരു ആരാധകൻ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സിനിമയുടെ ആദ്യ പകുതി കഴിഞ്ഞപ്പോൾ തന്നെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് ലഭിച്ചത്. ഇന്റർവെലിന് ശേഷമുള്ള ബാക്കി പകുതി കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നെന്നും രണ്ടാം പകുതിയും ഏറെ ആഘോഷത്തോടെയാണ് അർദ്ധക്ക് വരവേറ്റതെന്നും സോഷ്യൽ മീഡിയയുടെ റിപ്പോർട്ടുകൾ പറയുന്നു.

സിനിമയുടെ ടൈറ്റിൽ കാർഡ് മുതൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് വരെ എല്ലാം മികച്ച അഭിപ്രായമാണ് സ്വന്തമാക്കുന്നത്. സിനിമ സൂപ്പർ ഹിറ്റാകുമെന്ന പ്രതീക്ഷയും ആരാധകർ പങ്കുവെക്കുന്നുണ്ട്. മോഹൻലാൽ വിജയം തുടരുകയാണെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയ്ക്ക് ഒപ്പമെത്തിയ കോമ്പിനേഷനും പ്രശംസ നേടുന്നുണ്ട്.

അതേസമയം, എമ്പുരാന്റെ റെക്കോർഡ് വിജയത്തിന് ശേഷം എത്തുന്ന സിനിമ കൂടിയാണ് തുടരും. അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ ഇതിനകം രണ്ട് കോടിക്ക് മുകളിൽ പ്രീ സെയിൽ നേടിയതായാണ് റിപ്പോർട്ട്. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തിയത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.

ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ് എന്നിവരാണ് ചിത്രത്തിന്റെ പ്രധാന അണിയറ പ്രവർത്തകർ.

ഉണ്ണിമുകുന്ദനും പുതിയ ചില ചിത്രങ്ങളുടെ തിരക്കിലാണ്. ഗന്ധർവ ജൂനിയർ എന്ന ചിത്രത്തിനെ കുറിച്ച് തരാം നൽകിയ അപ്ഡേറ്റുകളും ഇപ്പോൾ സമൂഹമധ്യമങ്ങളിൽ വൈറലാണ്. സിനിമയുടെ ചിത്രീകരണം 2023 ൽ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് സിനിമയുടെ അപ്ഡേറ്റുകൾ ഒന്നും അണിയറപ്രവർത്തകർ പങ്കിട്ടിരുന്നില്ല. ഗന്ധർവ ജൂനിയർ എന്ന സിനിമ സൂപ്പർ ഹീറോ ചിത്രമാണെന്നും സിനിമ ഉടൻ ഉണ്ടാകുമെന്നും നടൻ പറഞ്ഞു. മാർക്കോ പോലെ തന്നെ ഒരുപാട് വർഷമായി ഈ സിനിമയുടെ പണിപ്പുരയിൽ ആണ് താനെന്നും നടൻ കൂട്ടിച്ചേർത്തു. തമിഴിൽ ബിഹൈൻഡ്‌ വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

‘ഇപ്പോൾ എനിക്ക് നല്ല പ്രൊജെക്ടുകൾ വരുന്നുണ്ട്, നന്നായി അത് ചെയ്യാൻ സാധിക്കുന്നുമുണ്ട്. എന്റെ വരാൻ പോകുന്ന അടുത്ത ചിത്രം ഗന്ധർവ എന്ന സിനിമയാണ്. ഇതൊരു സൂപ്പർ ഹീറോ ചിത്രമാണ്. ഞാൻ കുറച്ചു കാലമായി ഈ സിനിമയുടെ പുറകിലാണ്. മാർക്കോ തന്നെ ആറ് വർഷം മുന്നേ പ്ലാൻ ചെയ്തിരുന്ന ചിത്രമാണ്.

മാർക്കോ വരുന്നതിന് മുന്നേ എനിക്ക് ഒരു മാർക്കറ്റ് ആവശ്യമായിരുന്നു. അതിന് വേണ്ടി ഞാൻ ഒരു നാല് അഞ്ചു പടങ്ങൾ വേറെ ചെയ്തിരുന്നു. ഞാൻ എന്റെ സിനിമകൾ പ്രൊഡ്യൂസ് ചെയ്യാൻ തുടങ്ങി. ആദ്യമായി പ്രൊഡ്യൂസ് ചെയ്ത മേപ്പടിയാൻ സിനിമയ്ക്ക് എനിക്ക് നാഷണൽ അവാർഡ് ലഭിച്ചിരുന്നു,” ഉണ്ണി മുകുന്ദന്‍ പറഞ്ഞു. കഠിനാധ്വാനം ഒരിക്കലും വെറുതായാകില്ലെന്നും ദെെവത്തിന്‍റെ കരുണ കൂടി തനിക്കൊപ്പമുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേര്‍ത്തു.

‘സെക്കൻഡ് ഷോ’, ‘കൽക്കി’ തുടങ്ങിയ ചിത്രങ്ങളിൽ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ഗന്ധർവ്വ ജൂനിയർ’. ഗന്ധർവ്വൻ ആയാണ് സിനിമയിൽ ഉണ്ണി മുകുന്ദൻ സിനിമയിൽ എത്തുന്നതെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് എത്തുക എന്നായിരുന്നു റിപ്പോർട്ടുകൾ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിന് കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അതിനിടെ തന്നെ അൽഫോൻസ് പുത്രന്റെ കൂടെയും പുതിയ പടം താൻ ചെയ്യാൻ പോവുകയാണെന്നും ചർച്ചകൾ നടക്കുകയാണെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞിട്ടുണ്ടായിരുന്നു.അൽഫോൺസ് എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. നിങ്ങൾക്ക് എല്ലാവര്‍ക്കും പ്രേമം ഇഷ്ടമല്ലേ, നിവിൻ പോളി ഫാൻസ്‌ അല്ലേ നിങ്ങൾ എല്ലാവരും. അൽഫോൻസ് ആയി ചർച്ചകൾ നടക്കുന്നുണ്ട്. എല്ലാം ഒത്തുവന്നാൽ സിനിമ ഉണ്ടാകും. നല്ല കാര്യം നടന്നാൽ ഉറപ്പായും നിങ്ങളുമായി പങ്കുവെക്കും’; ഉണ്ണിമുകുന്ദൻ പറഞ്ഞു. വേദിയിൽ നിന്നുള്ള ഉണ്ണിമുകുന്ദന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്.