തുടരും സിനിമ ചെയ്യാനുള്ള കോൺഫിഡൻസ് തന്നത് ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ; തരുൺമൂർത്തി

','

' ); } ?>

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകളിൽ നിന്നാണ് തനിക്ക് തുടരും സിനിമ ചെയ്യാനുള്ള കോൺഫിഡൻസ് ലഭിച്ചതെന്ന് വ്യക്തമാക്കി സംവിധായകൻ തരുൺമൂർത്തി.ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. മോഹൻലാലിനെ നായകനാക്കി തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തുടരും. ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിം​ഗ് നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും. ചിത്രം ഏപ്രിൽ 25 ന് തീയേറ്ററുകളിൽ എത്തും.

മോഹൻലാൽ എന്ന നടന് വേണ്ടി സിനിമ ചെയ്യുമ്പോൾ പലരും ഒരു ഭ്രമത്തിൽ സ്വന്തമായി ലോകം ഉണ്ടാക്കി അത് സിനിമയാക്കുമെന്നും എന്നാൽ തരുൺ മോഹൻലാലിന് വേണ്ടി മാറേണ്ട അദ്ദേഹം നിങ്ങൾക്ക് വേണ്ടി മാറുമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞെന്നാണ് തരുൺ വ്യക്തമാക്കുന്നത്.

‘മീറ്റിംഗിന് ശേഷം ലാലേട്ടന് സ്ക്രിപ്റ്റ് എഴുതിക്കൊടുത്ത് ഞങ്ങൾ ഇരിയ്ക്കുമ്പോൾ ആന്റണി ചേട്ടനും രഞ്ജിത് ചേട്ടനും എല്ലാവരും ഉണ്ട്. എനിക്ക് കുറച്ച് ടെൻഷൻ ഉണ്ടെന്ന് ഇവർക്കറിയാം. ടെൻഷൻ ഉണ്ടോയെന്നു ചോദിക്കുമ്പോൾ ഓക്കേ ആണെന്നാണ് ഞാൻ പറയുന്നത്. നമ്മുടെ ടീം ആണ് കൂടെയുള്ളത് ഒരു ടെൻഷനും വേണ്ടായെന്ന് പറയുന്നുണ്ട് അവർ. എന്നോട് അന്ന് ആന്റണി ചേട്ടൻ പറഞ്ഞത് മോഹൻലാൽ എന്ന നടന് വേണ്ടി സിനിമ ചെയ്യാൻ സംവിധായകൻ എത്തുമ്പോൾ അവർ ലാലേട്ടന് വേണ്ടി ഒരു ലോകം തന്നെ ഉണ്ടാക്കി വെക്കും. അവിടെയാണ് അപകടം. ലാലേട്ടനെ കാണുമ്പോഴുള്ള ഭ്രമം കൊണ്ട് ഇവർ മാറാൻ ശ്രമിക്കും. എന്നിട്ട് അവർ ആ ലോകത്ത് സിനിമ ചെയ്യും. അത് വേണ്ട എന്ന് ആന്റണി ചേട്ടൻ തുടക്കത്തിലേ പറഞ്ഞിരുന്നു. തരുണിനെ ഞങ്ങൾ തിരഞ്ഞെടുത്ത് ഈ സിനിമ ചെയ്യണം എന്ന് പറയാൻ കാരണം നിങ്ങൾ സിനിമ എടുക്കുന്ന രീതിയെക്കുറിച്ച് കേട്ടതുക്കൊണ്ടാണ്. അതുകൊണ്ട് തന്നെ തരുണിന്റെ ലോകത്തേക്ക് മോഹൻലാൽ എന്ന നടനെ കൊണ്ടുവന്നാൽ മതി. അത് ചെയ്‌താൽ ഈ പരിപാടി നമ്മൾ വിചാരിച്ച പോലെ വരും. അല്ലാതെ മോഹൻലാലിന് വേണ്ടി തരുൺ മാറേണ്ട, തരുണിന് വേണ്ടി മോഹൻലാൽ മാറും, അതാണ് മോഹൻലാൽ എന്ന് ആന്റണി ചേട്ടൻ പറഞ്ഞു. ആ പോയിന്റിൽ ആണ് എനിക്ക് കോൺഫിഡൻസ് വന്നത്,’ തരുൺ മൂർത്തി പറഞ്ഞു.

മോഹന്‍ലാലിന്‍റെ അവസാന റിലീസ് ആയിരുന്ന എമ്പുരാന് അഡ്വാന്‍സ് ബുക്കിം​ഗില്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്. ലൂസിഫറിന്‍റെ രണ്ടാം ഭാ​ഗത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് എത്രത്തോളമെന്ന് അറിയിക്കുന്നതായിരുന്നു ചിത്രത്തിന് ലഭിച്ച അഡ്വാന്‍സ് ബുക്കിം​ഗ്. എന്നാല്‍ റിലീസിന് ഒരാഴ്ച മുന്‍പേ എമ്പുരാന്‍റെ അഡ്വാന്‍സ് ബുക്കിം​ഗ് ആരംഭിച്ചിരുന്നു. പ്രമുഖ ഓണ്‍ലൈന്‍ ബുക്കിം​ഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലടക്കം റെക്കോര്‍ഡ് പ്രതികരണമാണ് എമ്പുരാന്‍ നേടിയത്. അത് കൊണ്ട് തന്നെ തുടരുമിന്റെ അഡ്വാന്‍സ് ബുക്കിം​ഗ് കണക്കുകള്‍ എമ്പുരാന്‍റേതുമായി താരതമ്യം ചെയ്യപ്പെടുമെന്നത് ഉറപ്പാണ്. ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് 16 പ്ലസ് കാറ്റഗറിയിലുള്ള യു/ എ സര്‍ട്ടിഫിക്കറ്റ് ആണ്. 166 മിനിറ്റ് ആണ് ദൈര്‍ഘ്യം. അതായത് 2 മണിക്കൂറും 46 മിനിറ്റും. ഏറെ ശ്രദ്ധയോടെയാണ് ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുള്ളത്. മോഹന്‍ലാല്‍ എന്ന താരത്തേക്കാള്‍ അ​ദ്ദേഹത്തിലെ നടനില്‍ ശ്രദ്ധ കൊടുക്കുന്ന ചിത്രമാണ് തുടരും. “ദൃശ്യം”പോലൊരു സിനിമയായിരിക്കും തുടരുമെന്ന് ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞെങ്കിലും സംവിധായകൻ തരുൺമൂർത്തി അത് തിരുത്തി കൊണ്ട് രംഗത്തു വന്നിരുന്നു. തുടരും എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കുമെന്നാണ് തരുൺമൂർത്തി പറഞ്ഞത്.