
ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്ത ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ വിഎഫ്എക്സ് വീഡിയോ പുറത്തിറങ്ങി. കഴിഞ്ഞ ഓണത്തിൽ തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. 1900, 1950, 1990 എന്നിങ്ങനെ മൂന്നു കാലഘട്ടങ്ങളിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ടുപോയിരുന്നത്.
ഇപ്പോൾ പുറത്തുവന്ന വിഎഫ്എക്സ് വീഡിയോയിൽ ടൊവിനോ അവതരിപ്പിച്ച മണിയൻ, അജയൻ എന്നീ കഥാപാത്രങ്ങളുടെ ക്ലൈമാക്സ് രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മനോഹരമായ കാഴ്ചകളും ആക്ഷൻ നിറഞ്ഞ സീനുകളും ഉൾക്കൊള്ളുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. വിഎഫ്എക്സ് ടീം നടത്തിയ കഠിനാധ്വാനത്തെ പ്രശംസിച്ച് നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ പോസ്റ്റായിട്ടുണ്ട്.
മൈൻഡ്‌സ്റ്റൈൻ സ്റ്റുഡിയോസാണ് സിനിമയുടെ വിഎഫ്എക്സ് ഒരുക്കിയത്. ചിത്രത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ നരിമാളം വെള്ളച്ചാട്ടം സൃഷ്ടിച്ചതും ഉൾപ്പെടെ നിരവധി വിഎഫ്എക്സ് രംഗങ്ങൾ അണിയറപ്രവർത്തകർ വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. അനിരുദ്ധ് കുമാർ, സലിം ലാഹിർ, ആൽബർട്ട് തോമസ്, അരുൺലാൽ എസ്പി, ആൻഡ്രൂ ഡിക്രൂസ്, വിശാഖ് ബാബു എന്നിവരാണ് വിഎഫ്എക്സ് ടീമിലെ പ്രധാന അംഗങ്ങൾ.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, യു.ജി.എം മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്ന് ചിത്രം നിർമിച്ചിരിക്കുന്നു. ടൊവിനോയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ് അംഗമായ ചിത്രമാണിത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായി ചിത്രം റിലീസ് ചെയ്തിരുന്നു.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. തിരക്കഥ ഒരുക്കിയത് സുജിത് നമ്പ്യാരാണ്. ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം ദിബു നൈനാൻ തോമസ് എന്നിവരാണ് ചിത്രത്തിനായി പ്രവർത്തിച്ച മറ്റുഅണിയറപ്രവർത്തകർ.