
മലയാള സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ വിമർശിച്ച് നിർമാതാവ് വേണു കുന്നപ്പിള്ളി രംഗത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം സിനിമാലോകത്തെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ഒരു യുവനടന്റെ ലഹരി ഉപയോഗം മൂലം 35 ദിവസം കൊണ്ട് പൂർത്തിയാക്കേണ്ടിയിരുന്ന സിനിമയുടെ ഷൂട്ടിംഗ് 120 ദിവസം വരെ നീണ്ടതെന്ന് വേണു കുന്നപ്പിള്ളി ആരോപിക്കുന്നു. ലഹരിയടിമകൾ, സ്ത്രീ പീഡകർ, ലൈംഗിക ചുവയോടെ സംസാരിക്കുന്നവർ തുടങ്ങി ചില വ്യക്തിത്വങ്ങൾ മലയാള സിനിമയിലെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും സജീവമാണെന്നും അദ്ദേഹം പറഞ്ഞു.
“വർഷത്തിൽ ഇടക്കെല്ലാം വന്നും പോയും ചെയ്യുന്ന ലഹരി വിവാദങ്ങൾ ഇനി ആരെയും അതിശയിപ്പിക്കില്ല. അറിയപ്പെടുന്ന ലഹരി വീരന്മാരെ സിനിമയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാൻ നിർമാതാക്കളും സംവിധായകരും തീരുമാനമെടുത്താൽ തന്നെ മാറ്റങ്ങൾ സാധ്യമാകും,” വേണു കുന്നപ്പിള്ളി പറഞ്ഞു.ചിലരിലെ അഹങ്കാരവും അന്യഗ്രഹജീവികളായി പെരുമാറുന്ന സ്വഭാവവും സിനിമയിലെ സൗഹൃദപരമായ അന്തരീക്ഷത്തെ തകർക്കുന്നുവെന്നും, ഇത്തരക്കാരെ പുറത്താക്കേണ്ടത് ഇന്നത്തെ സിനിമയ്ക്ക് അത്യാവശ്യമാണ് എന്നും അദ്ദേഹം കുറിച്ചു.