
ധനുഷ്, നാഗാർജുന, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ മിത്തോളജിക്കൽ ചിത്രമായ ‘കുബേര’ യുടെ ഒടിടി അവകാശം പ്രശസ്ത ഒടിടി പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. ധനുഷിന്റെ കരിയറിൽ ഇതുവരെ ലഭിച്ചതിലേറെ വലിയ തുകയ്ക്കാണ് സിനിമയുടെ ഓൺലൈൻ റൈറ്റ്സ് വിറ്റുപോയതെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
തമിഴിലും തെലുങ്കിലും ഒരേ സമയം ജൂൺ 20ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രം ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിലാണ് നിർമ്മിച്ചിരിക്കുന്നത്. സുനിൽ നാരംഗും പുഷ്കർ രാം മോഹൻ റാവുവുമാണ് നിർമ്മാതാക്കൾ. മേഡ് ഇൻ ഹെവൻ, സഞ്ജു, പദ്മാവത് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം സർഭും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. സംഗീതം ഒരുക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. നാഗ ചൈതന്യയും സായ് പല്ലവിയും പ്രധാനവേഷങ്ങളിൽ എത്തിയ ലവ് സ്റ്റോറിയ്ക്ക് ശേഷം ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന പുതിയ പ്രോജക്ടാണ് കുബേര. ചിത്രത്തിന്റെ ടീസറും, ധനുഷ്-രശ്മികാ കോമ്പിനേഷനിലുള്ള ക്യാരക്ടർ പോസ്റ്ററുകളും ഏറെ ശ്രദ്ധനേടിയിരുന്നു.
അതേസമയം, ധനുഷ് സംവിധാനം ചെയ്യുന്ന ഇഡലികടൈ എന്ന ചിത്രവും അടുത്തിടെ ശ്രദ്ധനേടിയിരുന്നു. നിത്യ മേനനും അരുൺ വിജയും പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രം ഒക്ടോബർ ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.