
‘മരണമാസ്സിന്റെ’ സൗദിയിലെ പ്രദർശന വിലക്കും കുവൈത്തിലെ സെൻസറിങിനെയും കുറിച്ച് പ്രതികരിച്ച് നടൻ ടൊവിനോ തോമസ്. ബേസിൽ ജോസഫ് നായകനായെത്തിയ ചിത്രം ഏപ്രിൽ 10 നാണ് തീയേറ്ററുകളിലെത്തിയത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രം നടൻ ടൊവിനോയുടെ നിർമ്മാണത്തിലാണ് പുറത്തിറങ്ങിയത്. ചിത്രത്തിൽ ട്രാൻസ്ജെൻഡറായ വ്യക്തി ഉൾപ്പെട്ടത് കൊണ്ടാണ് ഇരു രാജ്യങ്ങളിലും ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്.
ഇരു രാജ്യങ്ങളിലും ചിത്രത്തിനുണ്ടായ നിയന്ത്രണം ആ രാജ്യങ്ങളിലെ നിയമപ്രകാരമുള്ളതാണെന്ന് ടൊവിനോ പറഞ്ഞു. ചിത്രം റിലീസ് ചെയ്ത ശേഷമുള്ള പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ. ‘കുവൈറ്റില്‍ കുറച്ച് ഷോട്ടുകള്‍ കട്ട് ചെയ്തു കളഞ്ഞിട്ടുണ്ട്. സൗദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. അത് ഓരോ രാജ്യങ്ങളുടെ നിയമമാണ്. നമ്മുടെ രാജ്യമൊക്കെയാണെങ്കില്‍ വേണമെങ്കില്‍ ചോദ്യംചെയ്യാം, അതിന് വേണ്ടി ഫൈറ്റ് ചെയ്യാം. മറ്റ് രാജ്യങ്ങളില്‍ നിയമംവേറെയാണ്. തത്കാലം ഒന്നുംചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്’, എന്നായിരുന്നു ടൊവിനോയുടെ വാക്കുകള്‍. ‘അത് കാര്യമാക്കേണ്ടതില്ല. വേറെ ഒരുപാട് സ്ഥലങ്ങളില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞു. ഇത് പ്രശ്‌നമല്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട്, അവിടെയൊക്കെ നന്നായി ആളുകള്‍ ചിത്രത്തെ സ്വീകരിച്ചുകഴിഞ്ഞു. അവര്‍ക്ക് അതില്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ല. ഓരോ രാജ്യങ്ങളുടെ നിയമമാണ്’, ടൊവിനോ വ്യക്തമാക്കി. ‘സൗദിയപ്പറ്റി നമുക്ക് എല്ലാര്‍വര്‍ക്കും അറിയാം. ഞാന്‍ 2019-ല്‍ പോയപ്പോള്‍ കണ്ട സൗദിയല്ല 2023-ല്‍ പോയപ്പോള്‍ കണ്ടത്. അതിന്റേതായ സമയം കൊടുക്കൂ, അവര്‍ അവരുടേതായ ഭേദഗതികള്‍ വരുത്തുന്നുണ്ട്. 2019-ല്‍ ഇന്ത്യ ഉണ്ടായിരുന്നതിനേക്കാള്‍ പ്രോഗ്രസീവായാണോ, റിഗ്രസീവായിട്ടാണോ മാറിയിരിക്കുന്നത് എന്ന് ചോദിച്ചാല്‍ അത് വലിയ ചോദ്യമാണ്. കഴിഞ്ഞ അഞ്ചാറുവര്‍ഷംകൊണ്ട് പുരോഗതിയാണോ അധോഗതിയാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നതില്‍ എനിക്ക് സംശയമുണ്ട്’, ടൊവിനോ കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ അഭിപ്രായം എന്താണെന്ന ചോദ്യത്തോട്, തനിക്ക് സംശയമുണ്ട് എന്ന നിലപാടാണ് ടൊവിനോ ആവര്‍ത്തിച്ചത്.