
43-ാം പിറന്നാൾ കുടുംബത്തോടൊപ്പം ലളിതമായി ആഘോഷിച്ച് അല്ലുഅർജുൻ. ഭാര്യ സ്നേഹ റെഡ്ഡിക്കും മക്കളായ അയാനും അര്ഹക്കും കൂടെയായിരുന്നു താരത്തിന്റെ ആഘോഷം. ഭാര്യ സ്നേഹ റെഡ്ഡിയാണ് കറുപ്പ് ടീഷർട്ടിൽ ചോക്ലേറ്റ് കേക്ക് മുറിക്കുന്ന അല്ലുവിന്റെ പിറന്നാൾചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
താരം അവസാനമായി പ്രേക്ഷകർക്ക് മുൻപിലെത്തിയത് ‘പുഷ്പ 2: ദി റൂള്‍’ എന്ന ചിത്രത്തിലൂടെയാണ്. പിറന്നാൾ ദിനത്തിൽ തന്നെ അല്ലുവും പ്രശസ്ത സംവിധായകൻ അറ്റ്ലിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായിരുന്നു. 600 കോടി ചിലവിൽ നിർമ്മിക്കുന്ന ചിത്രം സണ്‍ പിക്ച്ചേഴ്സ് ആണ് നിർമ്മിക്കുന്നത്. കൂടാതെ പിറന്നാള്‍ ആശംസകളുമായി ചെറു വീഡിയോയും സൺ പിക്ചേഴ്സ് പങ്കുവെച്ചിട്ടുണ്ട്.
കുറച്ചു ദിവസം മുന്നെയാണ് മകൻ അയാന്റെ പിറന്നാളും കുടുംബം ആഘോഷിച്ചത്. അന്ന് പങ്കുവെച്ച ചിത്രത്തില്‍ അല്ലുവിന്റെ മുഖം മറച്ച രീതിയിലായിരുന്നു. പുതിയ സിനിമയിലെ ലുക്ക് വെളിപ്പെടുത്താതിരിക്കാന്‍ ആണ് അന്ന് മുഖം മറച്ചതെന്നാണ് ആരാധകരുടെ വാദം.
2003-ല്‍ കെ. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ‘ഗംഗോത്രി’യിലൂടെയാണ് താരം സിനിമാരംഗത്തെത്തിയത്. പിന്നീട് വന്ന സുകുമാറിന്റെ ‘ആര്യ’യിലൂടെയാണ് താരം ശ്രദ്ധ നേടിയത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരിലൊരാളാണ് താരം.