കൈ കോർക്കാനൊരുങ്ങി അറ്റ്ലീയും അല്ലു അർജുനും:ഭാഗമാകാൻ പ്രിയങ്ക ചോപ്രയും

','

' ); } ?>

 

തെന്നിന്ത്യൻ സിനിമാലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ച അല്ലു അർജുന്റെ പുതിയ സിനിമയെ കുറിച്ചാണ്. ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ചർച്ചകൾ. ജവാൻ എന്ന സിനിമയുടെ വിജയത്തിന് ശേഷം അറ്റ്ലീയും പുഷ്പ 2 ന്റെ വിജയത്തിന് പിന്നാലെ അല്ലുവും ഒന്നിക്കുന്ന സിനിമ വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത് എന്ന തരത്തിലാണ് റിപോർട്ടുകൾ വന്നിരുന്നത്. ഇപ്പോഴിതാ സിനിമയുടെ കാസ്റ്റിങ് സംബന്ധിച്ച് വമ്പൻ അപ്ഡേറ്റാണ് എത്തിയിരിക്കുന്നത്.

ബോളിവുഡ് നായിക പ്രിയങ്ക ചോപ്ര ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തെ ഒരു ഇന്റർനാഷണൽ സ്കെയിലിലാണ് അണിയറപ്രവർത്തകർ ഒരുക്കാൻ പദ്ധതിയിടുന്നത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ നടിയാണ് പ്രിയങ്ക എന്നതിനാലാണ് ഈ സിനിമയിലേക്ക് നടിയെ പരിഗണിക്കുന്നത് എന്നാണ് സൂചന.

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രത്തിലും പ്രിയങ്ക ഭാഗമാകുന്നുണ്ട്. നടി വീണ്ടും തെന്നിന്ത്യയിലെ ഒരു വമ്പൻ പ്രോജക്ടിന്റെ ഭാഗമാകുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. പുനർജന്മ പ്രമേയത്തെ അടിസ്ഥാനമാക്കിയായിരിക്കും അല്ലു അർജുൻ-അറ്റ്ലീ ചിത്രം കഥ പറയുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. അല്ലു അർജുൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാകും അവതരിപ്പിക്കുക. ഇതിൽ ഒന്ന് ആധുനിക കാലഘട്ടത്തിലുള്ളതും മറ്റൊന്ന് പഴയ കാലഘട്ടത്തിലേതുമാണെന്നാണ് സൂചന. ഈ വർഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അടുത്ത വർഷത്തോടെ സിനിമ റിലീസ് ചെയ്യുമെന്നുമാണ് സൂചന.

നേരത്തെ സിനിമയുടെ ബജറ്റ് സംബന്ധിച്ചും സിനിമയിലെ അല്ലുവിന്റെയും അറ്റ്ലീയുടെയും പ്രതിഫലം സംബന്ധിച്ചുമുള്ള വാർത്തകൾ ശ്രദ്ധ നേടിയിരുന്നു. 600 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ അല്ലു അർജുന്റെ പ്രതിഫലം 250 കോടി ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംവിധായകനായ അറ്റ്ലീക്ക് 100 കോടിയാണ് ലഭിക്കുന്നതെന്നും വാർത്തകളുണ്ട്. സൺ പിക്ചേഴ്സും അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള ഗീത ആർട്സും ചേർന്നാണ് സിനിമ നിർമിക്കുന്നതെന്ന് നേരത്തെ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു.